ശബരിമല സ്വർണക്കൊള്ള കേന്ദ്രഏജൻസി അന്വേഷിക്കണം : വിശ്വഹിന്ദു പരിഷത്ത്

Saturday 04 October 2025 11:29 PM IST

കോഴഞ്ചേരി: ശബരിമല ക്ഷേത്രശ്രീകോവിലിൽ പൊതിഞ്ഞ സ്വർണം അറ്റകുറ്റപ്പണിയുടെ മറവിൽ കളവ് നടത്തിയ സംഭവം ഭക്തജനങ്ങളോടും അയ്യപ്പ വിശ്വാസങ്ങളോടുമുള്ള വെല്ലുവിളിക്കൊപ്പം ക്രിമിനൽ കുറ്റവുമാണെന്ന് വിശ്വഹിന്ദുപരിഷത്ത് വർക്കിംഗ് പ്രസിഡന്റ് വി. ആർ .രാജശേഖരൻ പറഞ്ഞു. ശബരിമല ശ്രീകോവിലിന്റെ സ്വർണപ്പാളികൾ കടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തിൽ ആറന്മുളയിലുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണ കമ്മിഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉണ്ണികൃഷ്ണൻ പോറ്റി വെറും നിഴൽ മാത്രമാണ്. തട്ടിപ്പിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിനും ദേവസ്വം ബോർഡിനും ഒഴിഞ്ഞുമാറാനാവില്ല,​ ഇത് സംബന്ധിച്ച് കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണം. അവിശ്വാസികളെ ക്ഷേത്രഭരണം ഏല്പിച്ചതിന്റെ ദുരന്തമാണ് ഇത്തരം ക്ഷേത്ര കൊള്ളയെന്നും ക്ഷേത്രഭരണം വിശ്വാസികളെ ഏല്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അനിൽ വിളയിൽ അദ്ധ്യക്ഷത വഹിച്ചു. അയ്യപ്പ സേവാസമാജം ജോയിന്റ് ജനറൽസെക്രട്ടറി അഡ്വ.ജയൻ ചെറുവള്ളി, പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി സാംബ ദേവൻ , ശബരിമല ആചാരസംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് പ്രഥിപാൽ, മാതൃശക്തി സംസ്ഥാനസംയോജിക മിനി ഹരികുമാർ, ധർമ്മ പ്രസാർ സംസ്ഥാന സംയോജകൻ എം.കെ അരവിന്ദൻ ,വിഭാഗ് സെക്രട്ടറി എം ജയകൃഷ്ണൻ , പി എൻ വിജയൻ , എന്നിവർ സംസാരിച്ചു . നാമജപ പ്രതിഷേധ യാത്രയ്ക്ക് കെ . എൻ ഗോപാലകൃഷ്ണൻ ,സോമശേഖരൻ നായർ , പി.എൻ രഘുത്തമൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.