മുണ്ടക്കൈ - ചൂരൽമല ദുരന്തം: ആവശ്യത്തിന്റെ എട്ടിലൊന്നു പോലും കേന്ദ്രം അനുവദിച്ചില്ല: മുഖ്യമന്ത്രി

Sunday 05 October 2025 2:35 AM IST

തിരുവനന്തപുരം: കേരളത്തോടുള്ള അനീതിയും അവഗണയും അവസാനിപ്പിച്ച് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ അർഹമായ സഹായം അനുവദിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. 2221.03 കോടി രൂപയുടെ പുനർ നിർമ്മാണ സഹായമാണ് വേണ്ടതെന്ന് മാനദണ്ഡങ്ങൾ പ്രകാരം ആവശ്യപ്പെട്ടെങ്കിലും 260.56 കോടി രൂപ മാത്രമാണ് കഴിഞ്ഞ ദിവസം അനുവദിച്ചത്. ഇത് യഥാർത്ഥ ആവശ്യത്തിന്റെ എട്ടിലൊന്നു പോലും വരില്ലെന്ന് മുഖ്യമന്ത്രി പ്രസ്താവയിൽ പറഞ്ഞു. മേപ്പാടിയിൽ ദുരന്തം ഉണ്ടായത് 2024 ജൂലായ് 30നാണ്. പത്തു ദിവസത്തിനകം കേന്ദ്ര സംഘവും തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി നേരിട്ടും ദുരന്ത വിലയിരുത്തലിന് എത്തിയിരുന്നു. പ്രാഥമിക വിലയിരുത്തലിന് ശേഷം 1202.12 കോടി രൂപയുടെ അടിയന്തിര സഹായം കേരളം അഭ്യർത്ഥിച്ചെങ്കിലും ഒന്നും അനുവദിച്ചില്ല. ദുരന്ത ബാധിതരുടെ വായ്പ എഴുതി തളളാൻ അഭ്യർത്ഥിച്ചിട്ടും ഇത് വരെ ഒരു നടപടിയും കേന്ദ്രം സ്വീകരിച്ചില്ല. അതോടൊപ്പം വായ്പ എഴുതിത്തള്ളാൻ സഹായകമാവുന്ന ദേശീയ ദുരന്ത നിവാരണ നിയമത്തിലെ പതിമൂന്നാം വകുപ്പ് ഒഴിവാക്കുകയും ചെയ്തു. ഈ ഭേദഗതി ചൂണ്ടിക്കാട്ടി മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ നിയമം അനുവദിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ രേഖാമൂലം അറിയിക്കുന്ന നിലയുണ്ടായി.അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുവാൻ പോലും അഞ്ചുമാസം സമയമെടുത്തു. ഇത് മൂലം അന്താരാഷ്ട്ര സഹായ സാദ്ധ്യതകൾ ഇല്ലാതാക്കി. സംസ്ഥാനത്തിന്റെയും ദുരന്തബാധിതരായ ജനങ്ങളുടെയും അവകാശം സംരക്ഷിക്കാനും അർഹമായ സഹായം നൽകാനും ഇനിയും വൈകരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.