ക്രിമിനൽ കേസെടുക്കുന്നില്ല, ഗുണ്ടാത്തോഴന്മാരായ പൊലീസിന് 'നല്ലനടപ്പ് '
തിരുവനന്തപുരം: ഗുണ്ടകളുമായും ലഹരി സംഘങ്ങളുമായും അവിശുദ്ധബന്ധമുള്ള പൊലീസുകാർക്കെതിരെ ക്രിമിനൽ കേസെടുക്കാനുള്ള സർക്കാരിന്റെ തീരുമാനം ആഭ്യന്തര വകുപ്പു തന്നെ അട്ടിമറിച്ചു. നല്ലനടപ്പിലോ സ്ഥലംമാറ്റത്തിലോ നടപടി ഒതുക്കുന്നു.
പൊലീസിലെ ക്രിമിനലുകളെക്കുറിച്ച് ''ക്രിമിനൽത്തൊപ്പി'' എന്ന പേരിൽ കേരളകൗമുദി പരമ്പര പ്രസിദ്ധീകരിച്ചതിന് പിന്നാലെയായിരുന്നു ക്രിമിനൽ കേസെടുക്കാനുള്ള തീരുമാനം. മാഫിയാബന്ധം നിയന്ത്രിക്കാൻ വഴി ഇതേയുള്ളൂവെന്ന് വിലയിരുത്തിയാണ് കടുത്ത നടപടിക്ക് തീരുമാനിച്ചത്.
പൊലീസുകാരുടെ ഗുണ്ടാബന്ധം രഹസ്യമായി കണ്ടെത്താനുള്ള ആഭ്യന്തര വിജിലൻസ് സെല്ലുകളും നിർജീവമാണ്. ഗുണ്ടാസംഘങ്ങൾക്ക് പൊലീസിൽ നിന്ന് വിവരങ്ങൾ ചോരുന്നത് കേസന്വേഷണത്തെ ബാധിക്കുന്നു. ഗുണ്ടാ ഓപ്പറേഷനും പൊളിയുന്നു. എതിർസംഘങ്ങളുടെ ഫോൺ ചോർത്തി ഗുണ്ടാത്തലവന്മാർക്ക് കൈമാറിയ പൊലീസുകാരുണ്ട്. ഗുണ്ടകൾക്കെതിരേ പരാതി നൽകുന്നവരെ ഭീഷണിപ്പെടുത്തി കേസ് പിൻവലിപ്പിക്കാനും പണമിടപാടുകൾ ഒത്തുതീർക്കാനും ചില പൊലീസ് ഓഫീസർമാർ ഇടപെടുന്നുണ്ട്.
കസ്റ്റഡിമർദ്ദനമോ കള്ളക്കേസോ തെളിഞ്ഞാൽ കോടതി വിധിക്കുന്ന നഷ്ടപരിഹാരം കുറ്റക്കാരായ പൊലീസുകാരിൽ നിന്ന് ഈടാക്കുന്നതും അട്ടിമറിച്ചു. കാക്കിയുടെ ബലത്തിൽ കൈയൂക്ക് കാട്ടുന്നവരെ നിലയ്ക്ക്നിറുത്താനായിരുന്നു ഈ തീരുമാനം. ഐ.എസ്.ആർ.ഒ ചാരക്കേസിൽ കൊടിയ പൊലീസ് പീഡനം നേരിട്ട നമ്പിനാരായണന് 1.9 കോടി നഷ്ടപരിഹാരം സർക്കാരാണ് നൽകിയത്.
പരമാവധി സസ്പെൻഷൻ
ഗുണ്ടകളെയും മാഫിയകളെയും സഹായിച്ചാൽ നിലവിൽ സസ്പെൻഷനാണ് കടുത്തശിക്ഷ. അല്ലെങ്കിൽ ലോക്കൽ സ്റ്റേഷനിൽ നിന്ന് ക്യാമ്പിലേക്ക് മാറ്റും
15 ദിവസത്തെ നല്ലനടപ്പ്, പരിശീലനം എന്നിങ്ങനെ നിസാരശിക്ഷകളും നൽകാറുണ്ട്. സസ്പെൻഷനിലിരിക്കെ തിരിച്ചെടുത്ത് ക്രമസമാധാനം നൽകിയിട്ടുമുണ്ട്
ക്രിമിനൽ-ബിനാമി ബന്ധമുള്ള പൊലീസുകാർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കും.
-പിണറായി വിജയൻ, മുഖ്യമന്ത്രി
(പൊലീസ് ഉന്നതയോഗത്തിൽ പറഞ്ഞത്)