കാണാം, ചരിത്രമുറങ്ങും കാഴ്ചകൾ

Sunday 05 October 2025 12:43 AM IST
മാനാഞ്ചിറ സി.എസ്.ഐ ഹാളിൽ നടക്കുന്ന പൈതൃക, പുരാവസ്തു പ്രദർശനം

കോഴിക്കോട്: ഉപ്പുമാങ്ങ ഭരണി, പത്തായം, കലപ്പ.. പുതുതലമുറയ്ക്ക് ഒട്ടും പ​രി​ചിതമല്ലാത്ത ഗൃഹോപകരണങ്ങളും പണിയായുധങ്ങളും.... ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാനാഞ്ചിറ സി.എസ്.ഐ കത്തീഡ്രൽ ഹാളിലാണ് നിറയെ ആശ്ചര്യ കാഴ്ചകളുള്ളത്. പുരാതനവും പൈതൃക മൂല്യമുള്ളതുമായ ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും നാണയത്തുട്ടുകളും കറൻസികളും പ്രദർശനത്തിലെ വിസ്മയ കാഴ്ചയാണ്. പഴയകാലത്ത് ജീവിതത്തിന്റെ ഭാഗമായിരുന്ന, ഇന്ന് വിസ്മൃതിയിലാണ്ടുപോയ അപൂർവ വസ്തുക്കളാണ് പ്രദർശനത്തിൽ നിറയെ. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഖുർആൻ കൈയെഴുത്ത് പ്രതികളും പ്രദർശനത്തിലുണ്ട്. താളിയോലകളിൽ തയ്യാറാക്കിയ കുറിപ്പടികൾ, മുദ്ര പത്രങ്ങൾ എന്നുവേണ്ട ചരിത്രശേഷിപ്പുകളാണ് ഹാളിലെങ്ങും.

മലപ്പുറം കത്തി, എഴുത്താണി, വെള്ളിക്കോലുകൾ, വിദേശ നിർമ്മിത റാന്തൽ വിളക്കുകൾ, വെറ്റിലചെല്ലം, കാലത്തെ അടയാളപ്പെടുത്തിയ ഫിലിം ക്യാമറകൾ, ബ്രിട്ടീഷ് ഭരണകാലത്തെ മുദ്രപത്രങ്ങൾ, രാജമുദ്ര യുള്ള താളിയോല മുദ്രപത്രങ്ങൾ, വിവിധ സംസ്ഥാനങ്ങളിലെ ആഭരണ പെട്ടികൾ, ഗ്രാമഫോൺ റിക്കോർഡുകൾ, മറ്റ് സംഗീതോപകരണങ്ങൾ മരത്തിൽ തീർത്ത പറകൾ, കല്ലു തൂക്ക കട്ടികൾ, ത്രാസുകൾ, പുരാതന ചൈനീസ് ഭരണികൾ, പിഞ്ഞാണ പാത്രങ്ങൾ, ഗ്രാമഫോണുകൾ, കാർഷിക ഉപകരണങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് അപൂർവ പൈതൃക വസ്തുക്കൾ പ്രദർശനത്തെ സമ്പന്നമാക്കുന്നു. ആർകൈവ്സ് ഡിപ്പാർട്ട്‌മെന്റ് ഒരുക്കുന്ന പുരാരേഖാപ്രദർശനവും കാണാം. ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷനിലെ അംഗങ്ങളുടെ കൈവശമുള്ള ശേഖരങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് ഏഴ് വരെ പൊതുജനങ്ങൾക്ക് സൗജന്യമായി പ്രവേശനം ലഭ്യമാണ്. ഇന്ന് വൈകിട്ട് അഞ്ചിന് പ്രദർശനം സമാപിക്കും.