ജില്ലയിൽ ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത് 522 തീപിടുത്ത കേസുകൾ
മലപ്പുറം: ജില്ലയിൽ ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത് 522 തീപിടിത്ത കേസുകൾ. മലപ്പുറം സ്റ്റേഷൻ പരിധിയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 108 കേസുകൾ. കുറവ് കേസുകൾ താനൂർ ഫയർ സ്റ്റേഷന് കീഴിലാണ്, 29 എണ്ണം. മഴ ഇടയ്ക്കിടെ പെയ്യുന്നതിനാൽ നിലവിൽ തീപിടുത്ത കേസുകൾ കുറവാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഒരു ദിവസം ജില്ലയിൽ ഏകദേശം എട്ടോളം കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്.
ചപ്പുചവറുകൾ അലക്ഷ്യമായി കൂട്ടിയിട്ട് കത്തിക്കുന്നതും സിഗരറ്റ് കുറ്റിയും അണയാത്ത തീക്കൊള്ളിയും അലക്ഷ്യമായി വലിച്ചെറിയുന്നതുമാണ് തീപിടിത്തം ഉണ്ടാകാനുള്ള പ്രധാന കാരണം. ഉണങ്ങിയിരിക്കുന്ന പുല്ലുകളിലേക്ക് ചെറിയ തീപ്പൊരി വീണാൽ, ചെറിയ കാറ്റ് വീശിയാൽ പോലും പടർന്ന് പിടിക്കും. റോഡിനരികിലും മറ്റുമുണ്ടാകുന്ന തീപിടിത്തം വരണ്ട കാലാവസ്ഥയിൽ വലിയ ദുരന്തത്തിലേക്ക് നയിക്കാനിടയുണ്ടെന്ന് അഗ്നിശമന സേന മുന്നറിയിപ്പേകുന്നു.
തീയണയ്ക്കാൻ വലിയതോതിൽ വെള്ളം ആവശ്യമായി വരുമെന്നതിനാൽ ഫയർ സ്റ്റേഷന് അടുത്തുള്ള ജലാശയങ്ങളെയാണ് ആശ്രയിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോട് കൂടിയ 12,000 ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന വാട്ടർ ബൗസർ വാഹനമാണ് തീണയയ്ക്കാനായി ഫയഫോഴ്സ് കൂടുതലായും ഉപയോഗിക്കുന്നത്. റിമോർട്ട് കൺട്രോൾ ഉപയോഗിച്ച് വലിയ ഉയരങ്ങളിലേക്കും ഏത് ദിശയിലേക്കും വെള്ളം പമ്പ് ചെയ്യാം. വെള്ളത്തിന്റെ സംഭരണശേഷി കൂടുതലായതിനാൽ തീ നിയന്ത്രിക്കാൻ എളുപ്പമാണെങ്കിലും വലിപ്പം കൂടുതലായതിനാൽ ഉൾപ്രദേശങ്ങളിൽ തീ പടരുമ്പോൾ എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് കാരണം ചെറുവാഹനമായ വാട്ടർ ടെൻഡർ ഉപയോഗിക്കേണ്ടിയും വരാറുണ്ട്.
ഫയർ സ്റ്റേഷനുകളും റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണവും
മലപ്പുറം - 108 തിരൂർ- 96 പെരിന്തൽമണ്ണ - 75 മഞ്ചേരി - 57 നിലമ്പൂർ - 55 തിരുവാലി - 54 പൊന്നാനി - 48 താനൂർ - 29