@ വന്യമൃഗ സംഘർഷം പരാതിയിൽ ഏറെയും കോഴിക്കോടും വയനാടും

Sunday 05 October 2025 12:05 AM IST
വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത

കോഴിക്കോട്: വന്യമൃഗ സംഘർഷം കുറയ്ക്കാനുള്ള വനംവകുപ്പിന്റെ തീവ്രയജ്ഞ പരിപാടിയുടെ ഒന്നാംഘട്ടം അവസാനിച്ചപ്പോൾ പരാതികൾ ഏറെയും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ. ഇതിൽ വയനാടാണ് ഏറ്റവുമധികം. സംസ്ഥാനത്താകെ 17,955 പരാതി ലഭിച്ചപ്പോൾ കോഴിക്കോട്, വയനാട് ജില്ലകളിൽ മാത്രം 5,687 പരാതികൾ. വന്യജീവി ആക്രമണം, നഷ്ടപരിഹാരം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് ഭൂരിഭാഗവും. ഒന്നാംഘട്ടത്തിൽ പരിഹരിക്കാത്തവ രണ്ടാംഘട്ടത്തിൽ പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് മലയോര ജനത. റെയിഞ്ച്, ഡിവിഷൻ തലത്തിൽ പരിഹാരിക്കാനാകാത്തവ രണ്ടാംഘട്ടത്തിൽ പരിഗണിക്കും. ഇതിന് നാളെ മുതൽ 10 വരെ ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ജില്ലാതല യോഗം ചേരും. ജില്ല കളക്ടറടക്കമുള്ള ജില്ലാതല ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കും. തുടർന്ന് വിവിധ വകുപ്പുതല യോഗങ്ങളും പ്രാദേശിക യോഗങ്ങളും നടക്കും. മറ്റ് വകുപ്പുകളുടെയും ത്രിതല പഞ്ചായത്തുകളുടെയും സഹകരണത്തോടെ പരിഹരിക്കാവുന്ന പരാതികൾക്കാണ് രണ്ടാംഘട്ടത്തിൽ ഊന്നൽ. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം വനംവകുപ്പ് 210 സംഘർഷ ബാധിത പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് തീവ്രയജ്ഞ പരിപാടി നടത്തുന്നത്. ഒന്നാം ഘട്ടത്തിൽ രണ്ട് തവണ പഞ്ചായത്തുതല അവലോകന യോഗങ്ങൾ നടത്തി . റെയിഞ്ച്, ഡിവിഷൻ തലങ്ങളിൽ കഴിയുന്നവ തീർപ്പാക്കി.

  • സമാന പരാതികൾക്ക്
  • പ്രത്യേക യോഗം

ഒന്നാംഘട്ടത്തിൽ പഞ്ചായത്തുകളിൽ സ്ഥാപിച്ച ഹെൽപ്പ് ഡെസ്കുകളിലൂടെ വന്യജീവി സംഘർഷം, നഷ്ടപരിഹാരം, പട്ടയഭൂമിയിലെ മരംമുറി തുടങ്ങി ഒമ്പതിനങ്ങളിലായി പരാതി സ്വീകരിച്ചു. ആകെ ലഭിച്ച പരാതികളിൽ 14,000 ഓളം സമാന സ്വഭാവമുള്ള പരാതികളാണ്. ഇത്തരം പരാതികൾ കൂടുതൽ ലഭിച്ച പഞ്ചായത്തുകളിൽ പ്രത്യേക യോഗങ്ങൾ നടത്തും.

കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ പരാതികൾ ആകെ 7,564

റെയിഞ്ച് , പരാതികളുടെ എണ്ണം

(കോഴിക്കോട്, വയനാട്)

കുറ്റ്യാടി.... 1130

പെരുവണ്ണാമൂഴി.... 648

താമരശ്ശേരി.... 632

ബെഗൂർ.... 268

മാനന്തവാടി.... 862

പെരിയ.... 233

ചെടലത്ത്.... 900

കൽപ്പറ്റ.... 272

മേപ്പാടി.... 424

വയനാട് വെെൽഡ് ലെെഫ് ഡിവിഷൻ .... 318