കബഡി-ബോക്സിംഗ് അക്കാഡമികൾ: ഹലോ, വാതിൽ അടയ്ക്കില്ല

Sunday 05 October 2025 1:15 AM IST
കഴിഞ്ഞ സെപ്തംബർ 13ന് കേരളകൗമുദി നൽകിയ വാർത്ത

 ചൂണ്ടിക്കാട്ടിയത് കേരളകൗമുദി

കൊല്ലം: മാസങ്ങളായി അടഞ്ഞുകിടക്കുന്ന ജില്ലാ പഞ്ചായത്തിന്റെ കബഡി, ബോക്സിംഗ് ആക്കാഡമികൾ വൈകാതെ തുറക്കും. രണ്ട് അക്കാഡമികളും തുറക്കാൻ പുതിയ പരിശീലകരെ കണ്ടെത്താൻ ഇന്നലെ ചേർന്ന ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു.

എല്ലാ അദ്ധ്യയന വർഷാരംഭത്തിലും സ്കൂളുകളിൽ അറിയിപ്പ് നൽകിയാണ് രണ്ട് അക്കാഡമികളിലും പരിശീലനത്തിനുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുത്തിരുന്നത്. എന്നാൽ ഈ അദ്ധ്യയനവർഷാരംഭത്തിൽ തിരഞ്ഞെടുപ്പിനുള്ള നടപടികൾ ജില്ലാ പഞ്ചായത്ത് സ്വീകരിച്ചില്ല. ഇതിന് പുറമേ പരിശീലകർക്കുള്ള അലവൻസ് വിതരണം നിറുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള കേരളകൗമുദി വാർത്തയെ തുടർന്നാണ് ഇന്നലെ പുതിയ പരിശീലകരെ കണ്ടെത്താൻ തീരുമാനിച്ചത്. ഒരു മാസത്തിനുള്ളിൽ അക്കാഡമികൾ തുറക്കാനാണ് സാദ്ധ്യത. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് പെരിനാട് സ്കൂൾ വളപ്പിൽ പ്രത്യേക ഷെഡ് നിർമ്മിച്ച് 2019ലാണ് ബോക്സിംഗ് അക്കാഡമി പ്രവർത്തനം തുടങ്ങിയത്. തൊട്ടുപിന്നാലെ കല്ലുവാതുക്കൽ സ്കൂൾ ഗ്രൗണ്ടിൽ ഷെഡ് നിർമ്മിച്ചാണ് കബഡി അക്കാഡമി ഒരുക്കിയത്. തദ്ദേശ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച കബഡി, ബോക്സിംഗ് അക്കാഡമികളായിരുന്നു. എട്ട് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കാണ് രണ്ടിടത്തും പരിശീലനം നൽകിയിരുന്നത്. രണ്ടിടത്തും പരിശീലനം നേടിയ വിദ്യാർത്ഥികൾ ജില്ലാ, സംസ്ഥാന, ദേശീയ ചാമ്പ്യൻഷിപ്പുകളിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്.

ബോക്സിംഗ് അക്കാഡമി

ആകെ ചെലവ് ₹ 25 ലക്ഷം അടിസ്ഥാന സൗകര്യ ചെലവ് ₹15 പരിശീലന ഉപകരണ ചെലവ് ₹ 10 ലക്ഷം

കബഡി അക്കാഡമി

ആകെ ചെലവ് ₹ 75 ലക്ഷം