റെയിൽവേ എം.എൽ.സി.പി: തുറക്കാൻ കൗണ്ട് ഡൗൺ

Sunday 05 October 2025 1:16 AM IST
എം.എൽ.സി.പി

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ എയർപോർട്ട് മോഡൽ നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗ് ടവർ നവംബർ ആദ്യവാരം കമ്മിഷൻ ചെയ്യും. എം.എൽ.സി.പിയുടെയും എതിർവശത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിന്റെയും നടത്തിപ്പിന് പുതിയ കരാറായി.

എം.എൽ.സി.പിയിലേക്കുള്ള റോഡ്, ചുറ്റുമുള്ള ഓട, ലിഫ്ടിന്റെ ഗ്രിൽ എന്നീ നിർമ്മാണ പ്രവർത്തനങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇവ അതിവേഗം പൂർത്തിയാക്കാൻ റെയിൽവേ കരാർ കമ്പനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള റെയിൽവേ ഭൂമിയിലെ സർഫസ് പാർക്കിംഗ് കേന്ദ്രത്തിന്റെയും എം.എൽ.സി.പിയുടെയും നടത്തിപ്പ് കരാർ ഒരുമിച്ചാണ് നൽകിയിരിക്കുന്നത്.

സർഫസ് പാർക്കിംഗ് കേന്ദ്രത്തിന്റെ കരാർ കാലാവധി മൂന്ന് മാസം മുമ്പ് അവസാനിച്ചിരുന്നു. പിന്നീട് നീട്ടിനൽകി. മൂന്ന് മാസം ഈമാസം 20ന് അവസാനിക്കും. 21 മുതൽ നിലവിൽ വരുന്ന തരത്തിലാണ് പുതിയ കരാറെങ്കിലും എം.എൽ.സി.പി നവംബർ ആദ്യ വാരമേ കൈമാറൂ.

നാല് നിലകൾ

 ഓരോ നിലയും 250000 ചതുരശ്രയടി

 ആകെ ഒരു ലക്ഷം ചതുരശ്രയടി

 താഴത്തെ നില ഇരുചക്ര വാഹനങ്ങൾക്ക്  മറ്റ് മൂന്ന് നിലകൾ കാറുകൾക്ക്  140 കാറുകൾ പാർക്ക് ചെയ്യാം  240 ബൈക്കുകളും

 നടത്തിപ്പിന് 3 വർഷത്തേക്ക് കരാർ

 ഒരുവർഷം 1.87 കോടി റെയിൽവേയ്ക്ക്

പാർക്കിംഗ് നെട്ടോട്ടത്തിന് ആശ്വാസം

മൾട്ടി ലെവൽ പാർക്കിംഗ് ടവർ വരുന്നതോടെ ദൂരെ സ്ഥലങ്ങളിലും റോഡ് വക്കുകളിലും കാർ പാർക്ക് ചെയ്യേണ്ടി വരുന്ന ദുരവസ്ഥയ്ക്ക് പരിഹാരമാകും. റെയിൽവേ സ്റ്റേഷനിലെത്തുന്നവർക്ക് പുറമേ ചിന്നക്കടയിലെയും പരിസരത്തെ വ്യാപാര കേന്ദ്രങ്ങളിൽ എത്തുന്നവ‌ർക്കും എം.എൽ.സി.പി പ്രയോജനപ്പെടുത്താം.

എം.എൽ.സി.പി നവംബറിൽ ആരംഭിക്കും. നടത്തിപ്പിനുള്ള കരാറുമായി. നഗരത്തിലെ പാർക്കിംഗ് പ്രശ്നത്തിന് ഇതോടെ പരിഹാരമാകും.

റെയിൽവേ അധികൃതർ