എയർഇന്ത്യ സർവീസ് കടുംവെട്ട്, ഗൾഫ് യാത്ര കീശകീറും

Sunday 05 October 2025 3:06 AM IST

തിരുവനന്തപുരം: കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ എയർഇന്ത്യ എക്സ്‌പ്രസ് കൂട്ടത്തോടെ കുറയ്ക്കുന്നതോടെ ഗൾഫ് യാത്രക്കാർ വലയും. നിരക്ക് കുറവായതിനാൽ സാധാരണക്കാരായ പ്രവാസികളേറെയും ആശ്രയിച്ചിരുന്നത് എയർഇന്ത്യ എക്സ്‌പ്രസിനെയായിരുന്നു.

ഈ മാസം 26 മുതലുള്ള ശൈത്യകാല ഷെഡ്യൂളിലാണ് ഗൾഫിലേക്കുള്ള എൺപതോളം സർവീസുകൾ കുറയ്ക്കുന്നത്. ഇതിൽ പലതും നിറുത്തലാക്കുകയാണെന്ന വിവരം പുറത്തുവന്നതോടെ മറ്റു വിമാനക്കമ്പനികൾ 40 ശതമാനംവരെ നിരക്ക് വർദ്ധിപ്പിച്ചതായി സൂചന. നവംബറിലെ സ്കൂൾ അവധിയും പുതുവത്സരവും കണക്കിലെടുത്ത് നാട്ടിലേക്കുള്ള പ്രവാസികളുടെ യാത്ര കീശകീറുന്നതായിരിക്കും.

കരിപ്പൂരിൽ 25സർവീസുകളാണ് ഇല്ലാതാവുന്നത്. യു.എ.ഇയിൽ നിന്നാണ് ഏറെ സർവീസുകളും വെട്ടിച്ചുരുക്കിയത്. തിരുവനന്തപുരത്തു നിന്ന് അബുദാബി, ദുബായ്, കൊച്ചിയിൽ നിന്ന് സലാല, റിയാദ്, കണ്ണൂരിൽ നിന്ന് ബഹറിൻ,ജിദ്ദ,ദമാം, കുവൈറ്റ് സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. കണ്ണൂരിൽ വിദേശ വിമാനക്കമ്പനികളില്ലാത്തതിനാൽ ഇനി ഇൻഡിഗോയെ മാത്രം ആശ്രയിച്ചായിരിക്കും യാത്ര. ഡിസംബറിൽ സാധാരണഗതിയിൽ അബുദാബിയിൽ നിന്ന് 800ദിർഹം(19300രൂപ) എന്നനിരക്ക് ഇപ്പോൾത്തന്നെ 1400ദിർഹം(33800രൂപ) ആയിട്ടുണ്ട്.

പ്രവാസികൾക്ക് വിദേശ വിമാനക്കമ്പനികളെ ആശ്രയിക്കേണ്ടിവരും. ബഹറിൻ,ഒമാൻ,സൗദി,കുവൈറ്റ് എന്നിവിടങ്ങളിലേക്കും യാത്രാദുരിതമേറും. വെട്ടിക്കുറച്ച സർവീസുകൾ വേനൽക്കാല ഷെഡ്യൂളിൽ അടുത്ത മാർച്ചോടെ പുനഃസ്ഥാപിക്കാനിടയുണ്ടെന്നാണ് എയർഇന്ത്യ എക്സ്‌പ്രസിന്റെ വിശദീകരണം. സർവീസുകൾ വെട്ടിക്കുറയ്ക്കാൻ അനുവദിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കടക്കം നിവേദനം നൽകി കാത്തിരിക്കുകയാണ് പ്രവാസികൾ. വ്യോമയാന ഡയറക്ടർ ജനറൽ(ഡി.ജി.സി.എ) അനുമതി നൽകരുതെന്നും പ്രവാസികൾ ആവശ്യപ്പെടുന്നു. പുതുക്കിയ ഷെഡ്യൂൾ അടുത്തയാഴ്ച പുറത്തിറക്കും.

കേരളത്തെ തഴഞ്ഞ്

ഉത്തരേന്ത്യയിലേക്ക്

കേരളത്തിൽ നിന്നൊഴിവാക്കിയ സർവീസുകൾ ജയ്‌പൂർ,വാരാണസി,സൂററ്റ്, ലഖ്നൗ എന്നിവിടങ്ങളിലേക്കാണ് പുനഃക്രമീകരിച്ചത്.

ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള സർവീസുകൾ ഇരട്ടിയാക്കാനും

തെക്കുകിഴക്കനേഷ്യയിലേക്ക് പുതിയ സർവീസുകൾക്കും നീക്കം.

വൻനഷ്ടം കണ്ണൂരിന്

ദമാം,ജിദ്ദ,കുവൈറ്റ് റദ്ദാക്കി

 കണ്ണൂർ-ബഹറിൻ റദ്ദാക്കി

അബുദാബി 10ൽനിന്ന് 7ആക്കി

ദുബായ് 8ൽ നിന്ന് 7

ഷാർജ12ൽ നിന്ന് 7

റാസൽഖൈമ 3ൽ നിന്ന് 2

മസ്കറ്റ് 7ൽനിന്ന് നാല്

തിരുവനന്തപുരത്ത്

അബുദാബി,ദുബായ് റദ്ദാക്കി

ഷാർജ 7ൽ നിന്ന് 5

മസ്കറ്റ് നാലാക്കി

ദോഹ നാലിൽനിന്ന് 2

മനാമ ഒരുസർവീസ് ഒഴിവാക്കി

''സർവീസുകൾ മാറ്റയത് പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെട്ടു. പ്രവാസികൾക്ക് സഹായകരമായ സർവീസുകൾ പുനഃസ്ഥാപിക്കണം.''

-പിണറായി വിജയൻ

മുഖ്യമന്ത്രി