ആര്യവൈദ്യൻ പി. മാധവവാരിയർ സ്വർണ്ണമെഡൽ: ഡോ. യു.എസ്. സ്മൃതി

Sunday 05 October 2025 2:39 AM IST

മലപ്പുറം: 2025ലെ ആര്യവൈദ്യൻ പി. മാധവവാരിയർ സ്മാരക സ്വർണമെഡലിന് ഡോ. യു.എസ്. സ്മൃതി(ശല്യതന്ത്രവിഭാഗം, വൈദ്യരത്നം പി.എസ്. വാരിയർ ആയുർവേദ കോളേജ്, കോട്ടയ്ക്കൽ) അർഹയായി. സ്മൃതി അവതരിപ്പിച്ച, സ്തനാർബുദ ചികിത്സയുടെ പാർശ്വഫലനിയന്ത്രണത്തിൽ ചില ആയുർവേദ ഔഷധക്കൂട്ടുകളുടെ പ്രഭാവത്തെക്കുറിച്ചുള്ള പ്രബന്ധത്തിനാണ് സ്വർണമെഡൽ ലഭിച്ചത്. ഇതേ കോളേജിലെത്തന്നെ പി. ജി. വിദ്യാർത്ഥിയായ ഡോ. എം. എസ്. വിശ്വനാഥ് (പഞ്ചകർമ്മവിഭാഗം) പ്രോത്സാഹന സമ്മാനത്തിന് അർഹനായി. ആയുർവേദ കിഴികൾ ഉപയോഗിച്ചുള്ള ചികിത്സയിൽ, ആധുനിക സങ്കേതങ്ങളുടെ സഹായത്തോടെ ശരീരകലകളിലേയ്ക്കുള്ള താപവ്യാപനം അളക്കുന്നതു സംബന്ധിച്ച പ്രബന്ധത്തിനാണ് സമ്മാനം ലഭിച്ചത്. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ആദ്യത്തെ മാനേജിംഗ് ട്രസ്റ്റിയായിരുന്ന ആര്യവൈദ്യൻ പി. മാധവവാരിയരുടെ സ്മരണയ്ക്കായി 2009 മുതലാണ് സ്വർണ്ണമെഡൽ ഏർപ്പെടുത്തിയിട്ടുള്ളത്. അഖിലകേരളാടിസ്ഥാനത്തിൽ ആയുർവേദ ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്കായുള്ള പ്രബന്ധാവതരണമത്സരം നടത്തിയാണ് ജേതാവിനെ കണ്ടെത്തുന്നത്. വിവിധ ആയുർവേദ കോളേജുകളിൽ നിന്നായി 20 പേർ മത്സരത്തിൽ പങ്കെടുത്തു. കാലിക്കറ്റ് സർവകലാശാലയിലെ സസ്യശാസ്ത്രവിഭാഗം മുൻ ഡീൻ പ്രൊഫ. വി. വി. രാധാകൃഷ്ണൻ, മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് കായചികിത്സാവിഭാഗം അദ്ധ്യക്ഷൻ ഡോ. ജെയിംസ് ചാക്കോ, ബെല്ലാരി താരാനാഥ് ഗവ. ആയുർവേദ മെഡിക്കൽ കോളേജ് കൗമാരഭൃത്യ വിഭാഗം അദ്ധ്യക്ഷൻ ഡോ. സി. എം. എം. രാജു, ചെറുതുരുത്തി ദേശീയ ആയുർവേദ പഞ്ചകർമ്മ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ ഡോ. പി. എസ്.അശ്വനി, ആര്യവൈദ്യശാല തൃശൂർ ബ്രാഞ്ച് മാനേജരും മെഡിക്കൽ ഓഫീസറുമായ ഡോ. ആർ. എസ്. ജിതിൻരാജ് എന്നിവരടങ്ങിയ ജഡ്ജിംഗ് പാനലാണ് വിധി നിർണ്ണയിച്ചത്. ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി. എം. വാരിയർ ആമുഖപ്രഭാഷണം നടത്തി. മത്സരത്തിന്റെ നിയമാവലികളെക്കുറിച്ച് ചീഫ് എഡിറ്റർ (പബ്ലിക്കേഷൻസ്) പ്രൊഫ. കെ. മുരളി വിശദീകരിച്ചു. ഫലപ്രഖ്യാപനത്തിനുശേഷം ഡോ. പി. എം. വാരിയർ വിധികർത്താക്കളെ ആദരിച്ചു. ആര്യവൈദ്യശാല ചാരിറ്റബിൾ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ (ആയുർവേദം) ഡോ. കെ. എം. മധു നന്ദി പറഞ്ഞു.