വനിതാ ബ്ലൈൻഡ് ഫുട്‌ബോൾ ലോക കപ്പിന് ഇന്ന് തുടക്കം

Sunday 05 October 2025 6:42 AM IST

കൊച്ചി: വനിതാ ബ്ലൈൻഡ് ഫുട്‌ബോൾ ലോകകപ്പിന് ഇന്ന് കൊച്ചിയിൽ കിക്കോഫ്. കാക്കനാട് യൂണൈറ്റഡ് സ്‌പോർട്‌സ് സെന്ററിൽ വൈകിട്ട് അഞ്ചിന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ബ്രസീലിനെ നേരിടും. ഇന്ത്യയേയും ബ്രസീലിനേയും കൂടാതെ അർജന്റീന, ഇംഗ്ലണ്ട്, പോളണ്ട്, തുർക്കി, കാനഡ, ജപ്പാൻ ടീമുകളാണ് മത്സരിക്കുന്നത്. 11നാണ് ഫൈനൽ.

ലോകകപ്പിന് മന്നോടിയായി എറണാകുളം പ്രസ് ക്ലബിൽ എട്ട് ടീമുകളുടെ ക്യാപ്റ്റന്മാരും കോച്ചുമാരും ഐ.ബി.എസ്.എ വേൾഡ് ചാമ്പ്യൻഷിപ്പിന്റെ ടെക്‌നിക്കൽ ഡയറക്ടറായ മരിയാനോ ട്രാവാഗ്ലിനോയും ചേർന്ന് ട്രോഫി അവതരിപ്പിച്ചു.

ഹൈക്കോടതി ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവർ കണ്ണുകൾകെട്ടി വിളക്കേൽപ്പിക്കൽ നടത്തി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യുമെന്ന് ഇന്ത്യൻ ബ്ലൈൻഡ് ഫുട്‌ബോൾ ടീം ഹെഡ് കോച്ച് സുനിൽ ജെ. മാത്യു പറഞ്ഞു.

കാനഡ ടീം ക്യാപ്റ്റൻ ഹില്ലറി സ്‌കാൻലോൺ, അർജന്റീന ക്യാപ്റ്റൻ ഗ്രാസിയ സോസ ബാറെനെച്ചെ, ഇന്ത്യൻ ടീം ക്യാപ്റ്റൻ നിർമ്മാ ഠാക്കർദ, പോളണ്ട് ക്യാപ്റ്റൻ കിംഗ പ്രെവോസ്‌ന, ഇംഗ്ലണ്ട് താരം സാമന്താ ഗൗ, ജപ്പാൻ താരം ഷിയോരി ഫുകുദ, തുർക്കി താരം ഗുലിസ് ചാകർ, ബ്രസീൽ താരം ഇലിയാനെ ഗോൺസാൽവസ് എന്നിവർ ചടങ്ങിൽപങ്കെടുത്തു.