പ്രവാസികളേ, ഫോൺ ഉപയോഗിക്കുമ്പോൾ ഇക്കാര്യം ചെയ്യല്ലേ, പിടിക്കപ്പെട്ടാൽ തീർന്നു; കനത്ത പിഴയും ജയിൽവാസവും ശിക്ഷ
Sunday 05 October 2025 11:16 AM IST
അബുദാബി: സമൂഹമാദ്ധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനായി പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച് യുഎഇ മീഡിയ കൗൺസിൽ. മതം, രാജ്യം, ദേശീയ മൂല്യങ്ങളോടുള്ള ആദരവ് എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള സമഗ്രമായ ചട്ടക്കൂട് ആണ് പുതിയ ലൈസൻസുകളും പെർമിറ്റുകളും അവതരിപ്പിച്ചുകൊണ്ട് യുഎഇ മുന്നോട്ടുവച്ചിരിക്കുന്നത്. സാമൂഹിക ഐക്യത്തെയും ധാർമ്മിക ഘടനയും ഉത്തരവാദിത്തത്തോടെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പുതിയ നിയമങ്ങളുടെ ലക്ഷ്യം.
ഉള്ളടക്കം സംബന്ധമായ ലംഘനങ്ങളുടെ പിഴ
- തെറ്റായ വിവരങ്ങളോ അപകടകരമായ ഉള്ളടക്കമോ പ്രസിദ്ധീകരിക്കുന്നത്: ദിർഹം 5,000 മുതൽ ദിർഹം 150,000 വരെ
- വിനാശകരമായ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുകയോ യുവാക്കളെ അപമാനിക്കുകയോ ചെയ്യുന്നത്: 100,000 ദിർഹം വരെ
- ക്രിമിനൽ പെരുമാറ്റത്തിന് പ്രേരിപ്പിക്കുന്നത് (കൊലപാതകം, ബലാത്സംഗം, മയക്കുമരുന്ന് ദുരുപയോഗം): 150,000 ദിർഹം വരെ
- ഇസ്ലാമിക വിശ്വാസങ്ങളെയോ മറ്റ് മതങ്ങളെയോ അനാദരിക്കുന്നത്: ഒരു മില്യൺ ദിർഹം വരെ
- രാഷ്ട്ര ചിഹ്നങ്ങളെയോ നേതൃത്വത്തെയോ അപമാനിക്കുന്നത്: 500,000 ദിർഹം വരെ
- ദേശീയ ഐക്യത്തെയോ വിദേശ ബന്ധങ്ങളെയോ ദുർബലപ്പെടുത്തുന്നത്: 250,000 ദിർഹം വരെ
- ഭരണ സംവിധാനത്തെയോ ദേശീയ ചിഹ്നങ്ങളെയോ സർക്കാർ സ്ഥാപനങ്ങളെയോ അനാദരിക്കുന്നത്: 50,000 മുതൽ 500,000 ദിർഹം വരെ പിഴ
- രാജ്യത്തിന്റെ ആഭ്യന്തര അല്ലെങ്കിൽ അന്താരാഷ്ട്ര നയങ്ങളെ അനാദരിക്കുന്നത്: 50,000 മുതൽ 500,000 ദിർഹം വരെ പിഴ
- വിദേശ ബന്ധങ്ങളെ ദോഷകരമായി ബാധിക്കുന്നതോ ദേശീയ ഐക്യം, സാമൂഹിക ഐക്യം തകർക്കുന്നതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നത്: 250,000 ദിർഹം വരെ പിഴ
- അപകീർത്തിപ്പെടുത്തലിന് 20,000 ദിർഹം വരെ പിഴയും, അപവാദം പ്രചരിപ്പിക്കുന്നതിന് 20,000 ദിർഹം വരെ പിഴയും ഒപ്പം ജയിൽ ശിക്ഷയും ലഭിക്കും.
ലൈസൻസിംഗ് സംബന്ധമായ ലംഘനങ്ങൾക്കുള്ള പിഴ
- ലൈസൻസില്ലാതെ മാദ്ധ്യമ പ്രവർത്തനങ്ങൾ നടത്തുന്നത്:
ആദ്യ കുറ്റകൃത്യം: ദിർഹം 10,000
ആവർത്തിച്ചുള്ള കുറ്റകൃത്യം: ദിർഹം 40,000
- അനുമതിയില്ലാതെ അധിക മാദ്ധ്യമ പ്രവർത്തനം നടത്തുന്നത്:
ആദ്യ കുറ്റകൃത്യം: ദിർഹം 5,000
ആവർത്തിച്ചുള്ള കുറ്റകൃത്യം: ദിർഹം 16,000
- 30 ദിവസത്തിനുള്ളിൽ ലൈസൻസ് പുതുക്കുന്നതിൽ പരാജയപ്പെടുന്നത്: ഓരോ ദിവസത്തിനും 150 ദിർഹം വീതം, പരമാവധി 3,000 ദിർഹം
- ട്രേഡ് ലൈസൻസ് ഇല്ലാതെ സോഷ്യൽ മീഡിയയിൽ വിൽക്കുന്നത് 500,000 ദിർഹം വരെ പിഴ, സാധനങ്ങൾ കണ്ടുകെട്ടൽ, തടവ് എന്നിവയ്ക്കും കാരണമാകും.