നീലേശ്വരം കടൽതീരത്ത് ഇന്ന് രാവിലെ അത്ഭുത കാഴ്ച; കരയിലേക്ക് ഓടിയെത്തി ജനം
കാസർകോട്: നീലേശ്വരം മരക്കാപ്പ് കടൽതീരത്ത് ഇന്ന് രാവിലെ മത്തി ചാകര. ഇന്ന് രാവിലെ 6.30 മുതൽ എട്ട് മണി വരെയാണ് ചാകര ഉണ്ടായത്. ബക്കറ്റും കവറുകളുമായി വന്ന ജനം മത്തി വാരിയെടുക്കുകയായിരുന്നു. ഇന്നലെ കണ്ണൂർ പയ്യാമ്പലം കടൽതീരത്ത് മത്തിയുടെ വൻകൂട്ടം കരയ്ക്കടിഞ്ഞിരുന്നു. ഇന്നലെ രാവിലെ ഒൻപതോടെയാണ് മത്തി കൂട്ടം കരയ്ക്കടിഞ്ഞത്. മൂന്ന് മണിക്കൂറോളമാണ് മീനുകൾ തീരത്തെത്തിയത്. സംഭവമറിഞ്ഞ് നൂറ് കണക്കിനാളുകൾ തീരത്തെത്തി മത്സരിച്ച് മത്തി പെറുക്കിയെടുത്തിരുന്നു.
അതേസമയം, കേരള തീരത്ത് കഴിഞ്ഞ വർഷം മത്തിയുടെ കുഞ്ഞുങ്ങൾ അപ്രതീക്ഷിതമായി വർദ്ധിച്ചതിനും തുടർന്നുണ്ടായ പരിസ്ഥിതികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾക്കും കാരണം മൺസൂൺ മഴയിലെ മാറ്റങ്ങളാണെന്നാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പുതിയ പഠനം വ്യക്തമാക്കുന്നത്. 2021ൽ സംസ്ഥാനത്ത് നാല് ലക്ഷം ടൺ എന്ന റെക്കോർഡ് അളവിൽ മത്തി ലഭിച്ചിരുന്നു. എന്നാൽ പിന്നീട് വെറും 3500 ടണ്ണായി മത്തി കുത്തനെ കുറഞ്ഞു.
എന്നാൽ കഴിഞ്ഞ വർഷം ശരാശരി പത്ത് സെന്റിമീറ്റർ വലിപ്പമുള്ള കുഞ്ഞൻ മത്തി കേരള തീരത്ത് വൻതോതിൽ പ്രത്യക്ഷപ്പെട്ടു.കോഴിക്കോട്, തൃശൂർ ജില്ലകളിൽ ഇവ കൂട്ടത്തോടെ കരയ്ക്കടിഞ്ഞത്. കഴിഞ്ഞ വർഷം അനുകൂലമായ മൺസൂൺ മഴയും പോഷകസമൃദ്ധമായ അടിത്തട്ടിലെ ജലം മുകളിലേക്ക് വരുന്നതും മത്തി ലാർവകളുടെ പ്രധാന ഭക്ഷണമായ സൂക്ഷ്മപ്ലവകങ്ങൾ പെരുകാൻ കാരണമായി. ഇതോടെ ലാർവകളുടെ അതിജീവനം കൂടുകയും മത്തികുഞ്ഞുങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാകുകയും ചെയ്തു.