'സ്വർണപ്പാളി വിവാദത്തിൽ തന്നെ പ്രതിക്കൂട്ടിലാക്കിയതായി കരുതുന്നില്ല'; സത്യം പുറത്തുവരുമെന്ന് ഉണ്ണികൃഷ്‌ണൻ പോറ്റി
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു. മൂന്ന് മണിക്കൂറാണ് ദേവസ്വം വിജിലൻസ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. തന്നെ പ്രതിക്കൂട്ടിലാക്കിയെന്ന് കരുതുന്നില്ല. സത്യം ഇന്നല്ലെങ്കിൽ നാളെ വ്യക്തമാകും. എല്ലാം കോടതിയിലാണെന്നും ചോദ്യം ചെയ്യലിനുശേഷം പുറത്തുവന്നതിന് പിന്നാലെ ഉണ്ണികൃഷ്‌ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഉണ്ണികൃഷ്‌ണന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇന്ന് വിജിലൻസ് പ്രധാനമായും തേടിയതെന്നാണ് വിവരം. സ്‌പോൺസർഷിപ്പിൽ എങ്ങനെയാണ് എത്തിയത്, ഇതിനായി പണപ്പിരിവ് നടത്തിയോ എന്നുള്ള കാര്യങ്ങളാണ് വിജിലൻസ് പ്രധാനമായും ചോദിച്ചറിഞ്ഞത്. എന്നാൽ ഇന്നലെ പറഞ്ഞ കാര്യങ്ങളിൽ തന്നെ ഉറച്ചുനിൽക്കുകയാണ് ഉണ്ണികൃഷ്‌ണൻ. സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള രേഖകളെല്ലാം വേദസ്വം വിജിലൻസിനും കോടതിക്കും നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കൈവശം ലഭിച്ചത് ചെമ്പ് തകിടാണെന്നാണ് ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ഉണ്ണികൃഷ്‌ണൻ പോറ്റി ദേവസ്വം വിജിലൻസിനോട് പറഞ്ഞത്. ഇന്നലെ മണിക്കൂറുകളോളം ഉണ്ണികൃഷ്ണനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. പണം സമ്പാദനം നടത്തിയിട്ടില്ല. ഉദ്യോഗസ്ഥർ രേഖാമൂലമാണ് ചെമ്പ് തകിട് നൽകിയത്. ഉദ്യോഗസ്ഥരുടെ വീഴ്‌ചയിൽ തനിക്ക് പങ്കില്ല. തന്റെയും മറ്റ് സ്‌പോൺസർമാരുടെയും പണം കൊണ്ടാണ് പാളികളിൽ സ്വർണം പൂശിയത്. സുഹൃത്തായ വാസുദേവന് കൈമാറിയ പീഠമാണ് കാണാതായത്. പരാതി ഉന്നയിച്ചതിനുശേഷമാണ് തിരിച്ചുകൊണ്ടുവച്ചത്'- എന്നാണ് ഉണ്ണികൃഷ്ണൻ വിജിലൻസിന് ഇന്നലെ മൊഴി നൽകിയത്.