വാഹനക്കടത്തിലൂടെ വന്ന വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ നമ്പരും വ്യാജം,​ ചിലതിന് ഇന്ത്യൻ രജിസ്‌ട്രേഷൻ പോലുമില്ലെന്ന് കണ്ടെത്തൽ

Sunday 05 October 2025 3:47 PM IST

കൊച്ചി: രാജ്യത്ത് രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾ വ്യാജനമ്പറിൽ ഇന്ത്യൻ നിരത്തുകളിൽ ഓടുന്നുവെന്ന് ഭൂട്ടാൻ വാഹനക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിന്റെ കണ്ടെത്തൽ. 40 ഭൂട്ടാൻ വാഹനങ്ങൾ കസ്റ്റംസ് പ്രിവന്റീവ് സംഘം പിടിച്ചെടുത്തിരുന്നു. അതിന്റെ പരിശോധന നടത്തവേയാണ് വ്യാജ രജിസ്ട്രേഷൻ നമ്പറുകളും ശ്രദ്ധയിൽപ്പെട്ടത്.

കേരളത്തിൽ 220 ഭൂട്ടാൻ വാഹനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പല പ്രമുഖരും നിയമം ലംഘിച്ച് കൊണ്ടുവന്ന വാഹനങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്കും രഹസ്യ കേന്ദ്രങ്ങളിലേക്കും മാറ്റിയിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇതരസംസ്ഥാന രജിസ്ട്രേഷനുള്ള വാഹനം മറ്റൊരു സംസ്ഥാനത്ത് എത്തിച്ചാൽ ഒരു മാസത്തിന് ശേഷം ആ സംസ്ഥാനത്തെ നികുതിയടക്കണം. ഒരു മാസം കഴിഞ്ഞാൽ രജിസ്ട്രേഷനും എടുക്കണം. എന്നാൽ ഇതൊന്നും പാലിക്കാതെയാണ് വ്യാജന്മാർ വ്യാജനമ്പറിൽ വിലസുന്നത്.

ഇത്തരം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് ലഭിക്കില്ല. ഭൂട്ടാന്‍ വാഹനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ കരസേനയുടെ ലോജിസ്റ്റിക് കൈകാര്യം ചെയ്യുന്ന ഹിമാചലിലെ '9 ഫീല്‍ഡ് ഓര്‍ഡനന്‍സ് ഡിപ്പോ' വിറ്റതായി വ്യാജരേഖയുണ്ടാക്കിയതായി കണ്ടെത്തിയിരുന്നു. കരസേനയെ ആദ്യ ഉടമയായി രേഖകളില്‍ കാണിക്കുന്നതിനാല്‍ പിന്നീട് വാഹനം വാങ്ങുന്നവര്‍ സ്വഭാവികമായും ആദ്യ ഉടമയെക്കുറിച്ച് അന്വേഷിക്കാറില്ല.