സിപിഎമ്മിന്റെ രാഷ്‌ട്രീയ നേട്ടത്തിന് ക്ഷേത്രഫണ്ട് ചെലവിടുന്നത് അപരാധം,​ അയ്യപ്പ സംഗമം ധൂർത്തെന്ന് കുമ്മനം

Sunday 05 October 2025 5:23 PM IST

തൃശൂർ: ആഗോള അയ്യപ്പസംഗമമെന്ന പേരിൽ നടത്തിയ അനാവശ്യ ധൂർത്തിന് ദേവസ്വം ബോർഡ് നൽകിയ 8.22 കോ‌ടി രൂപ തിരികെ വാങ്ങണമെന്ന് മിസോറം മുൻ ഗവർണ്ണറും ബി.ജെ.പി ദേശീയ നിർവ്വാഹകസമിതി അംഗവുമായ കുമ്മനം രാജശേഖരൻ. അനുവദിച്ച തുകയിൽ 4.11 കോടി ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

'സംഗമത്തിന് സർക്കാരിന്റെയോ ദേവസ്വത്തിന്റെയോ പണം ഉപയോഗിക്കില്ലെന്ന് ബോർഡ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. അതിനെ മറികടന്ന് ദേവസ്വം ഫണ്ട് ചെലവിട്ടത് കോടതിയലക്ഷ്യമാണ്. ബോർഡിന്റെ സർപ്ലസ് ഫണ്ട് ക്ഷേത്ര ആവശ്യങ്ങൾക്ക് മാത്രമേ ചെലവാക്കാൻ പാടുള്ളുവെന്ന നിബന്ധനയുമുണ്ട്. ഭക്തജനങ്ങൾ വഴിപാടായും കാണിക്കയായും വിശ്വാസപൂർവ്വം സമർപ്പിക്കുന്ന പണം സർക്കാരിന്റെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി നടത്തുന്ന ഒരു മേളക്ക് വേണ്ടി ചെലവഴിക്കുന്നത് ക്ഷേത്ര നിന്ദയും ഭക്തജനദ്രോഹവുമാണ്'- കുമ്മനം രാജശേഖരൻ പറഞ്ഞു.

ബോർഡ് ഉത്തരവ് പിൻവലിച്ച് പണം സൊസൈറ്റിയിൽ നിന്നും തിരിച്ചു പിടിക്കണം. ഫണ്ടിന്റെ ദൗർലഭ്യം മൂലം ക്ഷേത്രങ്ങളിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ട് അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ സിപിഎമ്മിന്റെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ക്ഷേത്ര ഫണ്ടിൽ നിന്നും 8 .22 കോടി രൂപ ചെലവിടുന്നത് ഏറ്റവും വലിയ അപരാധമാണെന്ന് കുമ്മനം രാജശേഖരൻ ചൂണ്ടിക്കാട്ടി.