കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളിലേക്ക് ഇനി അതിവേഗമെത്താം; പദ്ധതി ഇങ്ങനെ

Sunday 05 October 2025 7:02 PM IST

തിരുവനന്തപുരം: വിമാനത്താവളങ്ങളിലേക്കുള്ള കണക്റ്റിവിറ്റിയുടെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പിന്നിലാണെന്ന പരാതി കാലങ്ങളായി നിലവിലുണ്ട്. എന്നാല്‍ ദേശീയപാത അതോറിറ്റിയുടെ ഏറ്റവും പുതിയ പദ്ധതി ആവിഷ്‌കരിക്കുമ്പോള്‍ കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളിലേക്കുള്ള യാത്രാ സൗകര്യം മെച്ചപ്പെടും. സംസ്ഥാനത്ത് പുതിയതായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന അഞ്ച് പാതകളില്‍ രണ്ടെണ്ണം വിമാനത്താവളങ്ങളിലേക്കാണ്.

കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളിലേക്കാണ് പുതിയ പാത വരുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് പുതിയ പാതകള്‍ നിര്‍മിക്കാനുള്ള പ്രാരംഭഘട്ട നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യം ദേശീയപാത അതോറിറ്റി തന്നെ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. രാമനാട്ടുകരയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള റോഡും കണ്ണൂര്‍ നഗരത്തില്‍ നിന്ന് മട്ടന്നൂരിലെ വിമാനത്താവളത്തിലേക്കുള്ള റോഡുമാണ് വികസിപ്പിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് പുതിയ ദേശീയപാതകള്‍ക്കുള്ള പദ്ധതി രേഖ തയ്യാറാക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്രഉപരിതല ഗതാഗതമന്ത്രിയെ സന്ദര്‍ശിച്ച ഘട്ടത്തില്‍ കൂടുതല്‍ പാതകള്‍ ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു. അതിനുള്ള വിശദമായ നിര്‍ദേശവും സമര്‍പ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി രേഖ തയ്യാറാക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നത്.

12 കിലോമീറ്റര്‍ വരുന്ന രാമനാട്ടുകര- കോഴിക്കോട് എയര്‍പോര്‍ട്ട് റോഡും ,20 കിലോമീറ്റര്‍ വരുന്ന കൊടുങ്ങല്ലൂര്‍ -അങ്കമാലി( വെസ്റ്റേണ്‍ എറണാകുളം ബൈപ്പാസ് ) റോഡും നാലു വരി പാതയാക്കി ഉയര്‍ത്തും.30 കിലോമീറ്റര്‍ വരുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ട് റോഡും 13 കിലോ മീറ്റര്‍ വരുന്ന വൈപ്പിന്‍ മത്സ്യഫെഡ് റോഡും . കോതമംഗലം, മൂവാറ്റുപുഴ ബൈപാസുകളും 2 ലൈന്‍ പേവ്ഡ് ഷോള്‍ഡറായി വികസിപ്പിക്കും.