വനിതാ ലോകകപ്പ്, ബാറ്റിംഗില്‍ തിളങ്ങി ഹാര്‍ലീനും റിച്ചയും; പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍

Sunday 05 October 2025 7:22 PM IST

കൊളംബോ: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് മെച്ചപ്പെട്ട സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ റണ്‍സ് നേടി 247 റണ്‍സിന് എല്ലാവരും പുറത്തായി. മുന്‍നിരയില്‍ ഹാര്‍ലീന്‍ ഡിയോള്‍, അവസാന ഓവറുകളില്‍ റിച്ച ഘോഷ് എന്നിവര്‍ നടത്തിയ ബാറ്റിംഗ് പ്രകടനമാണ് ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യന്‍ സ്‌കോര്‍ 250ന് അടുത്ത് എത്തിച്ചത്.

ഓപ്പണര്‍മാരായ സ്മൃതി മന്ദാന 23(32), പ്രഥിക റാവല്‍ 31(37) സഖ്യം 48 റണ്‍സ് നേടിയ ശേഷമാണ് പിരിഞ്ഞത്. മൂന്നാമതായി എത്തിയ ഹാര്‍ലീന്‍ ഡിയോള്‍ 46(65) റണ്‍സ് നേടി ടോപ് സ്‌കോററായി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 19(34), ജെമീമ റോഗ്രിഗസ് 32(37), ദീപ്തി ശര്‍മ്മ 25(33), സ്‌നേഹ് റാണ 20(33), ശ്രീ ചരണി 1(5), ക്രാന്തി ഗൗഡ് 8(4), രേണുക സിംഗ് ഠാക്കൂര്‍ 0(1) എന്നിങ്ങനെയാണ് പിന്നീട് വന്നവരുടെ സ്‌കോറുകള്‍.

അവസാന ഓവറുകളില്‍ ആഞ്ഞടിച്ച റിച്ച ഘോഷ് 35(20) പുറത്താകാതെ നിന്നു. മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറുകളും ഉള്‍പ്പെട്ടതായിരുന്നു റിച്ചയുടെ കാമിയോ ഇന്നിംഗ്‌സ്. പാകിസ്ഥാന് വേണ്ടി ഡയാന ബായ്ഗ് നാല് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി.

സാദിയ ഇഖ്ബാല്‍, ക്യാപ്റ്റന്‍ ഫാത്തിമ സന എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ റമീന്‍ ഷമിം, നഷ്‌റ സന്ധു എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു. വനിതകളുടെ ഏകദിന ക്രിക്കറ്റില്‍ ഒരു ബാറ്റര്‍ പോലും അര്‍ദ്ധ സെഞ്ച്വറി കുറിക്കാതെ ഇന്ത്യ നേടുന്ന ഏറ്റവും വലിയ സ്‌കോറാണിത്.