നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസ് കാണാനില്ല; 'എന്നാലും വണ്ടി എവിടെപ്പോയി', ഒടുവില്‍ വമ്പന്‍ ട്വിസ്റ്റ്

Sunday 05 October 2025 8:15 PM IST

വയനാട്: വൈകുന്നേരം പത്തനംതിട്ടയ്ക്ക് പോകേണ്ട ബസ് നിര്‍ത്തിയിട്ട് വിശ്രമിക്കുകയായിരുന്നു ഡ്രൈവറും കണ്ടക്ടറും. ഇതിനിടെ ബസ് അപ്രത്യക്ഷമായതോടെ ഏവര്‍ക്കും ആശങ്കയായി. ഒരു ബസ് കാണാനില്ലെന്ന് പറഞ്ഞാല്‍ അത് അത്ര നിസാര കാര്യമല്ലല്ലോ. ഒടുവില്‍ ബസ് കണ്ടെത്തി, അതും കിലോമീറ്ററുകള്‍ക്ക് അപ്പുറമുള്ള മറ്റൊരു ഡിപ്പോയില്‍ നിന്ന്. വയനാട് കല്‍പ്പറ്റയില്‍ ഞായറാഴ്ച വൈകുന്നേരമാണ് വിചിത്ര സംഭവങ്ങള്‍ അരങ്ങേറിയത്.

വൈകുന്നേരം പത്തനംതിട്ടയ്ക്ക് പുറപ്പെടാനുള്ള ബസ് വയനാട് പാടിച്ചിറയില്‍ നിന്നാണ് കാണാതായത്. ഡ്രൈവറും കണ്ടക്ടറും വിശ്രമിക്കുന്നതിനിടെയാണ് സംഭവം. വണ്ടി കാണാതായതോടെ പൊലീസിനെ വിവരമറിയിക്കുകയും അവര്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ ബസ് കണ്ടെത്തിയിരിക്കുന്നുവെന്ന ആശ്വാസ വാര്‍ത്തയെത്തി. സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെ ഒരു ഡ്രൈവര്‍ ബസ് മാറിയെടുത്തതാണ് ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായത്.

വൈകുന്നേരം മൂന്നരയോടെ കെഎസ്ആര്‍ടിസി ബസ് മുള്ളന്‍കൊല്ലി വഴി പോയതായി കണ്ടെന്ന് നാട്ടുകാറും പോലീസിനെ അറിയിച്ചിരുന്നു. അതും തിരച്ചിലിന് നിര്‍ണായകമായി. യഥാര്‍ത്ഥത്തില്‍ പത്തനംതിട്ടയ്ക്ക് പോകേണ്ട ബസ്സാണ് വഴിമാറി സഞ്ചരിച്ചത്. ബസ് തിരികെ പാടിച്ചിറയിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് അധികൃതര്‍.