കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക്ക് കുപ്പിയിട്ടാൽ പിടിക്കും, നടപടിയെടുക്കും; ഒരുത്തനും എന്തു പറഞ്ഞാലും വകവയ്ക്കില്ലെന്ന് മന്ത്രി ഗണേഷ് കുമാർ

Sunday 05 October 2025 8:41 PM IST

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ബസിൽ പ്ലാസ്റ്റിക്ക് കുപ്പികളിട്ട സംഭവത്തിൽ കഴിഞ്ഞ ദിവസം ബസ് തടഞ്ഞ് പരിശോധന നടത്തിയതിൽ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. കൂടാതെ ബസ് ഡ്രൈവർ ജയ്മോൻ ജോസഫിനെ ഇന്ന് സസ്പെൻഡു ചെയ്തു. ഇപ്പോഴിതാ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി.

കെ.എസ്.ആർ.ടി.സി ബസിൽ കുപ്പിയും മാലിന്യവും വലിച്ചെറിഞ്ഞ് നടന്നാൽ നടപടിയെടുക്കുമെന്നും ഒരുത്തനും എന്ത് പറഞ്ഞാലും വകവയ്ക്കില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. ടൺ കണക്കിന് മാലിന്യമാണ് കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് മാറ്റിയത്. ബസിനകത്ത് പ്ലാസ്റ്റിക്ക് കുപ്പിയിട്ടാൽ പിടിക്കും. നടപടിയെടുക്കും. അത് ഇനി ആരും ഫേസ്ബുക്കിലും വാട്സാപ്പിലും എഴുതി മെനക്കെടേണ്ട. താൻ മന്ത്രി ആയിരിക്കുന്നിടത്തോളം കാലം നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ സൂപ്പ‌ർഫാസ്റ്റ് ബസുകളിലും മാലിന്യം ഇടാനുള്ള ബോക്സ് വച്ചിട്ടുണ്ട്. പുതിയ ബസുകളിലെല്ലാം ഇതുണ്ട്. വണ്ടിയുടെ ഡാഷിന് മുന്നിൽ കുപ്പിയിടുന്ന ഡ്രൈവർക്കെതിരെ നടപടിയെടുക്കും. ആവണ്ടി പരിശോധിക്കാതെ വിട്ടവന് എതിരെയും നടപടിയെടുക്കും. തെറ്റു കണ്ടാൽ തെറ്റു തന്നെയാണ്. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം കൊടുത്തപ്പോൾ ഇവൻമാരെ ആരെയും കണ്ടില്ലല്ലോ എന്നും ഗണേഷ് കുമാർ ചോദിച്ചു.