സ്ത്രീകൾക്കെതിരായ അതിക്രമം: പാലക്കാട് ജില്ലയിൽ ജൂൺ വരെ 320 കേസ്
പാലക്കാട്: ജില്ലയിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതായി കണക്കുകൾ. 10 വർഷത്തിനിടെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് 6,508 കേസും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് 2,479 കേസുമാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. 2016 മുതൽ 2025 ജൂൺ വരെയുള്ള പൊലീസിന്റെ കണക്കാണിത്. 2023ൽ ആണ് ഏറ്റവും കൂടുതൽ കേസുകൾ. 1035 കേസ് ആണ് അന്ന് രജിസ്റ്റർ ചെയ്തത്. 2024ൽ 806 കേസ്. 2021ൽ മാത്രമാണ് 500ൽ താഴെ കേസുകൾ രജിസ്റ്റർ ചെയ്തത്. അന്ന് 372 കേസ്. ഈ വർഷം ജൂൺ വരെ ഇത്തരം 320 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇക്കാലയളവിൽ 1484 ബലാത്സംഗ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. 2016ൽ 121 പീഡന കേസുകളാണുണ്ടായിരുന്നത്. തട്ടിക്കൊണ്ടുപോകൽ, അശ്ലീല പരാമർശത്തോടെയുള്ള കളിയാക്കലുകൾ, ഭർത്താവിൽനിന്നോ ബന്ധുക്കളിൽ നിന്നോ ഉള്ള ഉപദ്രവങ്ങൾ തുടങ്ങിയ കാര്യങ്ങൾക്കാണ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സ്ത്രീധന പീഡനത്തിൽ ഏഴ് മരണങ്ങളും ഇക്കാലയളവിൽ ഉണ്ടായി. 2023ലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് 209 എണ്ണം. ഈ വർഷം ജൂൺ വരെ 53 കേസുകളുണ്ടായി. 177 ലൈംഗിക അതിക്രമ കേസുകളും ഇക്കാലയളവിൽ രജിസ്റ്റർ ചെയ്തു. 2017ൽ ഒമ്പത് കേസുകളുണ്ടായിരുന്നത് 2023 എത്തിപ്പോഴേക്കും 28 ആയി. കഴിഞ്ഞവർഷം 14 കേസും ഈ വർഷം ജൂൺ വരെ 24 കേസുകളും രജിസ്റ്റർ ചെയ്തു. ജോലി സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലും മറ്റുമാണ് സ്ത്രീകൾ ഇത്തരം അതിക്രമങ്ങൾ നേരിടുന്നത്. ഭർത്താവിൽ നിന്നും ബന്ധുക്കളിൽനിന്നും സ്ത്രീകൾ നേരിടുന്ന ഉപദ്രവങ്ങൾക്കും പീഡനങ്ങൾക്കും കുറവില്ല. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് 2021ൽ ആണ് 349 എണ്ണം. 2023ൽ 343 എണ്ണം റിപ്പോർട്ട് ചെയ്തു. ഏറ്റവും കുറവ് 2018ൽ ആണ്. 119 എണ്ണം. ഈ വർഷം 94 കേസുമുണ്ടായി. സ്ത്രീകൾക്കെതിരെ മാത്രമല്ല, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കും കുറവില്ല. കഴിഞ്ഞ പത്തുവർഷത്തിനിടെ 2021ൽ മാത്രമാണ് ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്തത് 99 എണ്ണം. ബാക്കി എല്ലാ വർഷവും നൂറിലധികം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2023ൽ 414 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ഈ വർഷം 109 കേസുകളുണ്ടായി.