മണ്ണുക്കാട് പാലം തുറന്നിട്ടും ബസ് സർവീസ് ആരംഭിച്ചില്ല
എലപ്പുള്ളി: മണ്ണുക്കാട് പുതിയ പാലം വന്നിട്ടും എലപ്പുള്ളിയിൽ നിന്ന് ഇതുവഴി കഞ്ചിക്കോട്ടേക്കുള്ള ബസ് റൂട്ടിനായുള്ള കാത്തിരിപ്പ് നീളുന്നു. മലമ്പുഴ നിയോജക മണ്ഡലത്തിലെ എലപ്പുള്ളി, പുതുശ്ശേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് കോരയാർ പുഴയ്ക്ക് കുറുകെ നിർമ്മിച്ച പാറ മണ്ണുക്കാട് പാലം കഴിഞ്ഞ മാസം മന്ത്രി മുഹമ്മദ് റിയാസ് ആണ് ഉദ്ഘാടനം ചെയ്തത്. കഞ്ചിക്കോടിനെയും എലപ്പുള്ളിയെയും ബന്ധിപ്പിക്കുന്ന പാലം തുറന്നാൽ ഇതു വഴി ബസ് അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങൾ. എന്നാൽ ഇതുവരെ ഒരു ബസ് പോലും സർവീസ് ആരംഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ പാലം തുറന്നതിന്റെ ഗുണം സ്വകാര്യ വാഹന ഉടമകൾക്ക് മാത്രമെ ലഭിക്കുന്നുള്ളു. എലപ്പുള്ളി പഞ്ചായത്തിലെ മണ്ണുക്കാട്, ചുട്ടിപ്പാറ, പാലച്ചിറ, കുന്നംപാറ എന്നിവിടങ്ങളിലെ സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേർ കഞ്ചിക്കോട് വ്യവസായ മേഖലയിലേക്ക് ജോലിക്ക് പോകുന്നുണ്ട്. കോയമ്പത്തൂരിലേക്ക് പോകുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇതുവഴി ബസ് സർവീസ് അനുവദിക്കുന്നത് വളരെ ഗുണകരമാണ്. എട്ടുകോടി രൂപ ചെലവിൽ പാലം പണിതിട്ടും അതിന്റെ ഗുണം സാധാരണക്കാർക്ക് കിട്ടാത്ത സ്ഥിതിയാണ്. എലപ്പുള്ളി മണ്ണ്കാട് വഴി കഞ്ചിക്കോട്ടേക്ക് ബസ് സർവീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ണുക്കാട് വികസന സമിതി പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. മണ്ണ് കാട് വികസന സമിതി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു താലൂക്ക് വികസന സമിതിയിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഈ റൂട്ടിൽ ബസ് സർവ്വീസ് അനുവദിക്കണമെന്ന് താലൂക്ക് വികസന സമിതി പ്രമേയത്തിലൂടെ പാലക്കാട് ആർ.ടി.ഒയോട് ആവശ്യപ്പെട്ടിട്ടുണ്ട്.