കോന്നിയിൽ സുരേന്ദ്രൻ മത്സരിക്കാനെത്തുന്നത് പണം മോഹിച്ച്, കോൺഗ്രസിലെ കലഹം മുതലാക്കും: എം.എം മണി
ഇടുക്കി: കോന്നിയിലെ ബി.ജെ.പി സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ മത്സരിക്കുന്നത് പണം മോഹിച്ചാണെന്ന വിമർശനവുമായി വൈദ്യുത മന്ത്രി എം.എം മണി. സുരേന്ദ്രൻ ആനയല്ലെന്നും കോന്നിയിലെ വോട്ടർമാർ എല്ലാ കാര്യങ്ങളും വിലയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോൺഗ്രസിൽ നിലവിലെ എല്ലാ കലഹങ്ങളും തങ്ങളുടെ ജയത്തിനായി എൽ.ഡി.എഫ് മുതലാക്കുമെന്നും എം.എം. മണി പറഞ്ഞു.
അതേസമയം, കോന്നിയിൽ പ്രതീക്ഷിച്ചതു പോലെ കെ. സുരേന്ദ്രൻ മത്സരിക്കും. മറ്റൊരു പ്രമുഖ മണ്ഡലമായ മഞ്ചേശ്വരത്ത് രവീശ തന്ത്രി കുണ്ടാർ കളത്തിലിറങ്ങും. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രകാശ് ബാബു അരൂരിലും എറണാകുളത്ത് സി.ജി രാജഗോപാൽ എന്നിവരും മത്സരിക്കും.
കെ. സുരേന്ദ്രന്റെയടക്കമുള്ള മറ്റ് സ്ഥാനാർത്ഥികളുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ബി.ജെ.പി പ്രവർത്തകർക്കിടയിൽ ഏറെക്കുറെ ഉറപ്പായി കഴിഞ്ഞിരുന്നു. എന്നാൽ ഇതിൽ കുമ്മനം രാജശേഖരന്റെ കാര്യത്തിൽ മാത്രമായിരുന്നു അനിശ്‌ചിതത്വം നിലനിന്നിരുന്നത്. കഴിഞ്ഞദിവസം വരെ വട്ടിയൂർക്കാവിൽ കുമ്മനം തന്നെ രംഗത്തിറങ്ങുമെന്ന് ശക്തമായ വിലയിരുത്തലുകൾ ഉണ്ടായിരുന്നു.