പ്രകൃതി സംരക്ഷണത്തിന് വിദ്യാർത്ഥി കേഡ‌റ്റുകൾ  സ്റ്റുഡന്റ് പൊലീസ് മാതൃകയിൽ

Monday 06 October 2025 12:00 AM IST

തൃശൂർ: പ്രകൃതി സംരക്ഷണത്തിന് ഇനി വിദ്യാർത്ഥികളും മുന്നിട്ടിറങ്ങും. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ ഇക്കോ കേഡറ്റുകളായി നിയോഗിക്കാൻ വനംവകുപ്പ്. സ്റ്റുഡന്റ് പൊലീസ് മാതൃകയിലാണിത്. അടുത്ത അദ്ധ്യയന വർഷം മുതൽ സർക്കാർ സ്കൂളുകളിൽ നടപ്പാക്കും.

എറണാകുളം, തൃശൂർ, കാസർകോട്, കോട്ടയം, ആലപ്പുഴ ജില്ലകളിലാകും ആദ്യഘട്ടം.

ഫോറസ്ട്രി ക്ലബുകളിൽ അംഗങ്ങളായ ഏഴ്, എട്ട്, ഒൻപത് ക്‌ളാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെയാണ് കേഡറ്റുകളാക്കുക. ഈ ജില്ലകളിൽ നിന്ന് 20 വീതം 100പേരെയാകും തിരഞ്ഞെടുക്കുക. പച്ച നിറത്തിലുള്ള പാന്റ്‌സും കാക്കി ഷർട്ടുമാകും യൂണിഫോം. ബാഡ്ജും തൊപ്പിയുമുണ്ടാകും.

സ്കൂളുകളിൽ നോഡൽ ഓഫീസർമാരേയും നിയമിച്ചേക്കും. വിദ്യാഭ്യാസ വകുപ്പുമായുള്ള ഉന്നതതല ചർച്ച പൂർത്തിയായി. അടുത്തഘട്ടത്തിൽ എയ്ഡഡ് സ്‌കൂളുകളെയും പരിഗണിക്കും. 11 വർഷം മുൻപ് പദ്ധതി തുടങ്ങാനിരുന്നതാണ്. തുക അനുവദിച്ചെങ്കിലും പല കാരണങ്ങളാൽ നടപ്പായില്ല.

ഗ്രേസ് മാർക്ക്

പരിഗണനയിൽ പരിസ്ഥിതി അവബോധം നൽകി വിദ്യാർത്ഥികളെ ജൈവവൈവിദ്ധ്യ സംരക്ഷണത്തിനായുള്ള ബ്രാൻഡ് അംബാസഡർമാരാക്കുകയാണ് ലക്ഷ്യം. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും പെൺകുട്ടികൾക്കും പ്രത്യേക പരിഗണന നൽകും. കേഡറ്റുകൾക്ക് ഗ്രേസ് മാർക്ക് നൽകാനും ആലോചനയുണ്ട്.

കാവ്, തണ്ണീർത്തട

സംരക്ഷണം

1. പരിസ്ഥിതി, സമുദ്ര, വനം ദിനാചരണങ്ങളിൽ ഒതുങ്ങാതെ എല്ലാതരം ഭൂവിഭാഗങ്ങളിലേയും ജൈവവൈവിദ്ധ്യ സംരക്ഷണം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ലക്ഷ്യം

2. പരിസ്ഥിതി ക്‌ളാസുകൾ, സെമിനാറുകൾ, വനസന്ദർശനം, വന്യജീവി സംരക്ഷണം

3. കാവും തണ്ണീർത്തടങ്ങളും കണ്ടൽക്കാടും സംരക്ഷിക്കൽ, മരത്തൈകൾ നട്ടുപരിപാലിക്കൽ, പക്ഷി, ശലഭ നിരീക്ഷണം

''പുതിയ തലമുറയെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളോട് ചേർത്തുനിറുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്

-ഡോ.പി. പുകഴേന്തി, അഡി. പ്രിൻസിപ്പൽ ചീഫ്

ഫോറസ്റ്റ് കൺസർവേറ്റർ