ഹൃദയശസ്ത്രക്രിയ പ്രതിസന്ധി കടുപ്പിച്ച് കമ്പനികൾ, 19 കോടി ഇന്ന് നൽകും

Monday 06 October 2025 12:01 AM IST

തിരുവനന്തപുരം : സർക്കാർ ആശുപത്രികൾ കുടിശിക നൽകാത്തതിനെ തുടർന്ന് സ്‌റ്റെന്റ് ഉൾപ്പെടെയുള്ളവയുടെ വിതരണം നിർത്തിവച്ച കമ്പനികൾക്ക് 18 കോടി ഇന്ന് നൽകും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് 11 കോടിയും കോഴിക്കോട് മെഡിക്കൽ കോളേജിലെ എട്ട് കോടിയുമാണ് നൽകുക. ഒരാഴ്ചയിലേറെയായി പണം ഈ മെഡിക്കൽ കോളേജുകളിലെത്തിയെങ്കിലും കമ്പനികൾ സമരം തുടരുന്നതിനാൽ തുക അനുവദിച്ചില്ല. കമ്പനികളുടെ കൂട്ടായ്മയായ ചേംബർ ഒഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫോർ മെഡിക്കൽ ഇംപ്ലാന്റ്സ് ആൻഡ് ഡിസ്‌പോസിബിൾസ് പ്രതിനിധികൾ കഴിഞ്ഞ ദിവസം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ.വി.വിശ്വനാഥനുമായി കമ്പനി പ്രതിനിധികൾ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തുക അനുവദിക്കാൻ തീരുമാനിച്ചത്. സമരം അവസാനിപ്പിച്ചാൽ പണം നൽകാമെന്ന് ഡി.എം.ഇയും തുക നൽകിയില്ലെങ്കിൽ മെഡിക്കൽ കോളേജുകളിൽ നൽകിയിരിക്കുന്ന സ്റ്റോക്ക് ഉപകരണങ്ങൾ തിരിച്ചെടുക്കുമെന്ന മുന്നറിയിപ്പുമായി കമ്പനികളും നിലപാടെടുത്തു.

തിരുവനന്തപുരം മെഡിക്കൽ കോളേജിലുൾപ്പെടെ മൂന്നുമാസത്തെ ഉപകരണങ്ങൾ സ്റ്റോക്കുണ്ട്. സ്റ്റെന്റുകൾ, ഗൈഡ് വയറുകൾ, ഗൈഡ് കത്തീറ്ററുകൾ, പി.ടി.സി.എ ബലൂണുകൾ എന്നിവയുൾപ്പെടെ ആൻജിയോപ്ലാസ്റ്റിക്ക് ആവശ്യമായ സാമഗ്രികൾ നൽകുന്ന കമ്പനികൾക്ക് 159 കോടിയാണ് നൽകാനുള്ളത്. 21 ആശുപത്രികളിലെ 18 മാസത്തെ കുടിശികയാണിത്. 10 ശതമാനമെങ്കിലും നൽകിയാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്നാണ് കമ്പനികളുടെ നിലപാട്.