ചുരുട്ടിക്കെട്ടി മേഖലാ വിഭജനം, കെ.എസ്.ആർ.ടി.സി പദ്ധതി ഉപേക്ഷിച്ചു, ഗതാഗത വകുപ്പ് തീരുമാനം
തിരുവനന്തപുരം: പ്രൊഫഷണലിസവും കാര്യക്ഷമതയും വർദ്ധിപ്പിച്ച് വരുമാനം കൂട്ടുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത കെ.എസ്.ആർ.ടി.സി മേഖലാ വിഭജനം ഗതാഗത വകുപ്പ് ഉപേക്ഷിച്ചു. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കേന്ദ്രീകരിച്ച് നോർത്ത്, സെൻട്രൽ, സൗത്ത് എന്നീ സ്വതന്ത്ര മേഖലകളാക്കുകയായിരുന്നു ലക്ഷ്യം. അധികാര വികേന്ദ്രീകരണത്തിലൂടെ കെ.എസ്.ആർ.ടി.സിയെ മത്സരക്ഷമമാക്കി വരുമാനം കൂട്ടുകയായിരുന്നു ലക്ഷ്യം. സുശീൽ ഖന്ന റിപ്പോർട്ടിലെ ശുപാർശ പ്രകാരമായിരുന്നു ഇത്.
സ്വയംപര്യാപ്തത, ലാഭം, ജീവനക്കാർക്ക് ശമ്പളത്തിനു പുറമെ ഇൻസെന്റീവ് എന്നിവയും ലക്ഷ്യമിട്ടിരുന്നു. കെ.എസ്.ആർ.ടി.സി മുൻ മേധാവിയും ഗതാഗതവകുപ്പ് സെക്രട്ടറിയുമായിരുന്ന ബിജു പ്രഭാകർ അസൂത്രണം ചെയ്ത പദ്ധതിയുടെ പ്രാരംഭ നടപടികൾ പൂർത്തിയാക്കിയിരുന്നു. മേഖലാ മേധാവിമാരായി കെ.എ.എസുകാരെ നിയോഗിക്കാനായിരുന്നു തീരുമാനം. അതിനായി ഇവർക്ക് പരിശീലനമടക്കം നൽകി. അതിനിടെയാണ് പദ്ധതി വേണ്ടെന്ന തീരുമാനം.
വകുപ്പു മന്ത്രി മാറുകയും പുതിയ കെ.എസ്.ആർ.ടി.സി മേധാവി എത്തുകയും ചെയ്തതോടെയാണ് നടപടികൾ മരവിപ്പിച്ചത്. ആസൂത്രണ ബോർഡ് അംഗം വി. നമശിവായത്തിന്റെ നേതൃത്വത്തിൽ പഠിച്ച് നൽകിയ റിപ്പോർട്ട് പ്രകാരമായിരുന്നു മേഖലാ വിഭജന നടപടികൾ തുടങ്ങിയിരുന്നത്. കർണാടകത്തിലേതു പോലെ ഓരോ മേഖലയും പ്രത്യേകം കോർപ്പറേഷനുകളാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിനൊപ്പം ആസൂത്രണം ചെയ്ത ദീർഘദൂര സർവീസുകൾക്കുള്ള സ്വിഫ്റ്റ് മാത്രമാണ് നടപ്പായത്.
ശമ്പളം, മറ്റു ചെലവുകൾ
മേഖലാടിസ്ഥാനത്തിൽ
ഓരോമേഖലയും സ്വതന്ത്രം, പുതിയ പേര്. മേഖലാടിസ്ഥാനത്തിൽ നിയമനം സ്ഥലംമാറ്റം. മേഖലാ വരുമാനത്തിൽ ശമ്പളം, ഇന്ധന, സ്പെയർപാർട്സ് ചെലവുകൾ എന്നിവയായിരുന്നു ലക്ഷ്യം
വായ്പാ തിരിച്ചടവ് പോലുള്ളവയ്ക്ക് നിശ്ചിത തുക സർക്കാർ നൽകണം. പുതിയ റൂട്ടുകളിൽ ബസുകൾ ഓടിക്കാം. പെർമിറ്റ് തീരുന്ന മുറയ്ക്ക് സ്വകാര്യ ബസുകളുടെ റൂട്ടുകൾ ഏറ്റെടുക്കാം. ആവശ്യമെങ്കിൽ സ്വകാര്യ ബസുകൾ വാടകയ്ക്കെടുക്കാം
മൂന്ന് സ്വതന്ത്ര മേഖലകൾ
1. സൗത്ത്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ. ഡിപ്പോകൾ- 36, ബസുകൾ- 2190
2. സെൻട്രൽ
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ. ഡിപ്പോകൾ- 35, ബസുകൾ- 1650
3.നോർത്ത്
മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്. ഡിപ്പോകൾ- 21, ബസുകൾ- 1400
കെ.എസ്.ആർ.ടി.സി. ബസിൽ പ്ലാസ്റ്റിക് കുപ്പികൾ: ജീവനക്കാരെ സ്ഥലംമാറ്റിയ നടപടി മരവിപ്പിച്ചു
തിരുവനന്തപുരം/ പൊൻകുന്നം: യാത്രക്കാരുമായി സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസിനെ റോഡിൽ തടഞ്ഞു നിറുത്തി ജീവനക്കാരെ പുറത്തിറക്കി ശകാരിച്ച മന്ത്രി കെ.ബി.ഗണേശ്കുമാറിന്റെ നടപടിക്കെതിരെ ജീവനക്കാർക്കിടയിൽ രോക്ഷം ഉയരുന്നതിനിടെ പരസ്യശകാരത്തിനിരയായ ഡ്രൈവർ ഉൾപ്പടെ മൂന്നു പേരെ കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് സ്ഥലംമാറ്റി. തൊഴിലാളി സംഘടനകൾ പ്രതിഷേധം അറിയിച്ചപ്പോൾ നടപടി താൽക്കാലികമായി മരവിപ്പിച്ചു. കെ.എസ്.ആർ.ടി.സി. ബസിൽ വെള്ളക്കുപ്പികൾ കൂട്ടിയിട്ടതിന്റെ പേരിലായിരുന്നു നടപടി. ഈ മാസം 1ന് പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജെയ്മോൻ ജോസഫ്,വെഹിക്കിൾ സൂപ്പർവൈസർ കെ.എസ്. സജീവ്,മെക്കാനിക്കൽ വിഭാഗത്തിലെ ചാർജ്മാൻ വിനോദ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. ജെയ്മോൻ ജോസഫിനെ തൃശ്ശൂർ ജില്ലയിലെ പുതുക്കാട് ഡിപ്പോയിലേക്കും സജീവിനെ തൃശ്ശൂർ ഡിപ്പോയിലേക്കും വിനോദിനെ കൊടുങ്ങല്ലൂരിലേക്കുമാണ് മാറ്റിയത്.
വണ്ടി തടഞ്ഞ് പരിശോധിച്ച മന്ത്രിയുടേത് ഷോ ആണെന്ന വിമർശനം നിലനിൽക്കെയാണ് ജീവനക്കാരെ സ്ഥലം മാറ്റിയുള്ള നടപടി. സ്ഥലംമാറ്റം നേരിട്ട കെ.എസ്.സജീവ് കെ.എസ്.ആർ.ടി.ഇ.എ(സി.ഐ.ടി.യു) ജില്ലാട്രഷററാണ്. ഡ്രൈവർ ടി.ഡി.എഫ് അംഗവും മെക്കാനിക്ക് വിഭാഗം ജീവനക്കാരൻ ബി.എം.എസ് അംഗവുമാണ്. മന്ത്രി ഇന്നലേയും നടപടിയെ ന്യായീകരിച്ചിരുന്നു. പിന്നീടാണ് നടപടി മരവിപ്പിച്ചത്.
തിരുവനന്തപുരത്തുനിന്നു പത്തനാപുരത്തേക്കു പോവുകയായിരുന്ന മന്ത്രി, ആയൂർ ടൗണിൽ വച്ചാണു ബസ് കാണുന്നത്. തുടർന്നു മന്ത്രിയുടെ ഔദ്യോഗിക വാഹനം തിരിച്ചു തിരുവനന്തപുരം റോഡിൽ ബസിനു പിന്നാലെ പോയി ബസ് തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. ഗുരുതരമായ എന്തോ കുറ്റം കണ്ടുപിടിച്ച മട്ടിലായിരുന്നു മന്ത്രിശാസനയും പെരുമാറ്റവും. പൊൻകുന്നം ഡിപ്പോയിൽ ബസ് വൃത്തിയാക്കുന്നതിന് രണ്ട് ദിവസവേതനക്കാർക്കാണ് ചുമതല. അതിലൊരാൾ ചികിത്സയിലായതിനാൽ അവധിയിലാണ്. ഒരാൾ മാത്രമുള്ളതിനാൽ എല്ലാദിവസവും എല്ലാ ബസുകളും കഴുകാറില്ലെന്നാണ് ജീവനക്കാർ പറഞ്ഞത്.
ആരും തന്നെ വിമർശിക്കേണ്ടെന്ന് മന്ത്രി ഗണേശ്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ പ്ലാസ്റ്റിക് കുപ്പികൾ കണ്ടതിന്റെ പേരിൽ ജീവനക്കാർക്കെതിരെ എടുത്ത ശിക്ഷാ നടപടി മന്ത്രി ഗണേശ് കുമാർ ന്യായീകരിച്ചു താൻ മന്ത്രിയായിരിക്കുന്നിടത്തോളം ബസിൽ മാലിന്യം ഇടാൻ അനുവദിക്കില്ല. വാഹനം പരിശോധിക്കാതെ വിടുന്ന ഉദ്യോഗസ്ഥനെതിരെയും നടപടിയുണ്ടാകും. ഒരുത്തനും തന്നെ വിമർശിക്കാൻ വരേണ്ടതില്ല.മാലിന്യം നിക്ഷേപിക്കാൻ പുതിയ ബസുകളിൽ മൂവായിരത്തോളം ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതൊന്നും കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ നെഞ്ചത്ത് കയറലല്ല. ഒന്നാം തീയതി ജീവനക്കാർക്ക് ശമ്പളം കൊടുത്തപ്പോൾ ഒരുത്തനേയും കണ്ടില്ല- മന്ത്രി പറഞ്ഞു. മന്ത്രി സോഷ്യൽ മീഡിയയ്ക്ക് വേണ്ടി ജീവിക്കുന്നയാളെന്നായിരുന്നു ടി.ഡി.എഫ് നേതാവു കൂടിയായ എം വിൻസെന്റ് എം.എൽ.എയുടെ പരിഹാസം