വരും വർഷങ്ങളിൽ എളുപ്പമാകുമോ എൻട്രൻസ് പരീക്ഷകൾ
കൊച്ചി: നീറ്റ്, ജെ.ഇ.ഇ പോലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി എഴുതുന്ന എൻട്രൻസ് പരീക്ഷകൾ വരും വർഷങ്ങളിൽ ലളിതമാകാൻ സാദ്ധ്യത. ഇന്ത്യയിൽ പ്ലസ് ടു അടിസ്ഥാനത്തിൽ നടത്തുന്ന പ്രമുഖ എൻട്രൻസ് പരീക്ഷകളെല്ലാം വിദ്യാർത്ഥികൾക്ക് വലിയ സമ്മർദ്ദമുണ്ടാക്കുന്നവയാണെന്ന് വ്യാപക വിമർശനമുണ്ട്. ഇത് സംബന്ധിച്ച് വിശദ പഠനം നടത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഹയർ എഡ്യുക്കേഷൻ സെക്രട്ടറി വിനീത് ജോഷി തലവനായി ഒമ്പതംഗ കമ്മിറ്റിയെ നിയമിച്ചിരുന്നു. കമ്മിറ്റി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വരും വർഷങ്ങളിൽ മാറ്റം വരുത്താനാണ് കേന്ദ്ര സർക്കാർ നീക്കം.
12-ാം ക്ലാസ് സിലബസിനനുസരിച്ചുള്ള ചോദ്യങ്ങളാണോ എൻട്രൻസ് പരീക്ഷകളിൽ ചോദിക്കുന്നത് എന്നാണ് വിദഗ്ദ്ധ സംഘം പ്രധാനമായും പരിശോധിക്കുന്നത്. എൻട്രൻസ് കോച്ചിംഗ് സെന്ററുകളെ വിദ്യാർത്ഥികൾക്ക് അമിതമായി ആശ്രയിക്കേണ്ടി വരുന്നുണ്ടോ എന്ന കാര്യവും വിലയിരുത്തും. കോച്ചിംഗ് സെന്ററുകളെ ആശ്രയിക്കാതെ പരീക്ഷയിൽ ഉന്നത റാങ്ക് ലഭിക്കുന്നത് ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് ഇക്കാര്യവും പരിശോധിക്കുന്നത്.
കോച്ചിംഗ് സെന്ററുകളിലെ കടുത്ത പഠനസമ്മർദ്ദത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്ന സാഹചര്യവും പഠന സംഘത്തെ നിയോഗിച്ചതിന്റെ കാണങ്ങളിലൊന്നാണ്. മെഡിസിൻ, എൻജിനിയറിംഗ് പഠനത്തിനപ്പുറം മറ്റ് കരിയർ സാദ്ധ്യതകളെ വിദ്യാർത്ഥികളും രക്ഷിതാക്കളും ഗൗരവമായി എടുക്കുന്നുണ്ടോ എന്ന കാര്യവും സംഘം പഠിക്കും.
പഠന റിപ്പോർട്ട് സർക്കാർ അംഗീകരിച്ചാൽ വലിയ മാറ്റമാകും ഈ രംഗത്ത് ഉണ്ടാകുക. 12-ാം ക്ലാസ് സിലബസിന്റെ അടിസ്ഥാനത്തിൽ സമ്മർദ്ദമില്ലാതെയും കോച്ചിംഗ് സെന്ററുകളെ അമിതമായി ആശ്രയിക്കാതെയും വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനാകും.
എൻജിനിയറിംഗ് പ്രവേശനത്തിനു നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്സാമിന് (ജെ.ഇ.ഇ) 15 ലക്ഷം വിദ്യാർത്ഥികളും എം.ബി.ബി.എസ് പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് എക്സാമിന് (നീറ്റ്) 23 ലക്ഷത്തോളം വിദ്യാർത്ഥികളുമാണ് 2025ൽ ദേശീയതലത്തിൽ പരീക്ഷ എഴുതിയത്.
ഓർമ്മിക്കാൻ...
1എൽ എൽ.ബി അലോട്ട്മെന്റ് പഞ്ചവത്സര എൽ എൽ.ബി രണ്ടാംഘട്ട സ്ട്രേ വേക്കൻസി അന്തിമ അലോട്ട്മെന്റ് www.cee.kerala.gov.inൽ.8ന് ഉച്ചയ്ക്ക് മൂന്നിനകം കോളേജുകളിൽ പ്രവേശനം നേടണം.ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487.
2ത്രിവത്സര എൽ എൽ.ബി ത്രിവത്സര എൽ എൽ.ബി കോഴ്സുകളിലേയ്ക്കുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി അന്തിമ അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു.8ന് ഉച്ചയ്ക്ക് മൂന്നിനകം കോളേജുകളിൽ പ്രവേശനം നേടണം.ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487