അഭിഭാഷകയുടെ തൂങ്ങിമരണം: തിരുവല്ല സ്വദേശിയായ അഭിഭാഷകൻ പിടിയിൽ
കാസർകോട്: അഭിഭാഷകയും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുമായ അഡ്വ. രഞ്ജിതയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമാക്കിയ പൊലീസ് മുങ്ങിയ തിരുവല്ല സ്വദേശിയായ അഭിഭാഷകനെ പിടികൂടി. രഞ്ജിതയുടെ സഹപ്രവർത്തകൻ ആയിരുന്ന അഡ്വ. അനിലിനെ തിരുവനന്തപുരത്ത് നിന്നാണ് കുമ്പള എസ്.ഐ ശ്രീജേഷും സംഘവും പിടികൂടിയത്.
രഞ്ജിതയുടെ ആത്മഹത്യാ കുറിപ്പിലെ പരാമർശവും മൊബൈൽ ഫോണിൽ നിന്നും സൈബർ സെൽശേഖരിച്ച ഡിജിറ്റൽ തെളിവുകളും അഡ്വ. അനിലിന് എതിരായിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പും യുവതി ഇയാളുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നു. സംഭവത്തിന് ശേഷം സ്വിച്ച് ഓഫ് ചെയ്ത് അഭിഭാഷകൻ മുങ്ങുകയായിരുന്നു. ആത്മാർത്ഥ സുഹൃത്തും പാർട്ട്ണറുമായിരുന്നിട്ടും ഇയാൾ മരണ വിവരം അറിഞ്ഞിട്ട് എത്താതിരുന്നത് സംശയമുണ്ടാക്കി. മുതിർന്ന അഭിഭാഷകരുടെ കൂടെ ജൂനിയർ ആയി പ്രക്ടീസ് ചെയ്തിരുന്ന ഇരുവരും പിന്നീട് ഒരുമിച്ച് കുമ്പളയിൽ തന്നെ ഓഫീസ് തുടങ്ങി. ഇരുവരും തമ്മിൽ ഏഴ് വർഷത്തെ ബന്ധമുണ്ടായിരുന്നു. സഹപ്രവർത്തകനായ അനിൽ ചതിച്ചതിനെ തുടർന്നാണ് അഡ്വ. രഞ്ജിത ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്.
വിവാഹത്തിന് ശേഷം ഭർത്താവാണ് യുവതിയെ പഠിപ്പിച്ച് അഭിഭാഷകയാക്കിയത്. ചുറുചുറുക്കുള്ള പാർട്ടി പ്രവർത്തകയുമായിരുന്നു. പിടിയിലായ അനിൽ പഠിക്കുന്ന കാലത്ത് എ.ഐ. വൈ.എഫ് പ്രവർത്തകൻ ആയിരുന്നു കഴിഞ്ഞ 30ന് വൈകുന്നേരമാണ് രഞ്ജിതയെ വക്കീൽ ഓഫീസ് മുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
എഫ്.ബിയിൽ അപകീർത്തി
ഏരിയാ സെക്രട്ടറി പരാതി നൽകി
രഞ്ജിതയുടെ മരണവുമായി ബന്ധപ്പെടുത്തി ഫെയ്സ് ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ട യുവതിക്കെതിരെ സി.പി.എം കുമ്പള ഏരിയാ സെക്രട്ടറി വി.എം സുബൈർ പൊലീസിൽ പരാതി നൽകി. കോൺഗ്രസ് പ്രവർത്തകയായ യുവതിക്കെതിരെയാണ് പരാതി. രഞ്ജിതയുടെ മരണത്തിനു പിന്നിൽ ഏരിയാ സെക്രട്ടറിയാണെന്നും പാർട്ടി ഓഫീസിലാണ് ആത്മഹത്യ ചെയ്തതെന്നും കള്ള പ്രചാരണം നടത്തുകയായിരുന്നു. മരണത്തിന് പിന്നിൽ തിരുവല്ല സ്വദേശിയാണെന്ന വ്യക്തമായ തെളിവ് കിട്ടിയെന്ന് പൊലീസ് പറയുമ്പോഴാണ് തന്നെ ടാർജറ്റ് ചെയ്ത് അധിക്ഷേപിക്കാൻ രാഹുൽ ഗാന്ധിയുടെ പടം വെച്ച എഫ്.ബിയിൽ യുവതി പോസ്റ്റിട്ടതെന്ന് സുബൈർ പറഞ്ഞു.