ഭക്ഷ്യവസ്തുക്കളിൽ നിരോധിച്ച കീടനാശിനി, നിറം കൊതി മൂത്ത് അകത്താക്കല്ലേ...
കോഴിക്കോട്: കൊതി മൂത്ത് കേക്കും പേസ്റ്റ്ട്രീകളും ബ്രഡുമൊന്നും കൂടുതൽ കഴിക്കേണ്ട പണി കിട്ടും. ഭക്ഷ്യവസ്തുക്കളിൽ നിരോധിച്ച നിറങ്ങളും കീടനാശിനികളും വ്യാപകമാണെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്ന മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റ് 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ ശേഖരിച്ച സാംപിളുകളിലാണു മാരകമായ അളവിൽ രാസവസ്തുക്കൾ കണ്ടെത്തിയത്. കൃത്രിമ ഭക്ഷ്യനിറങ്ങൾ, കീടനാശിനികൾ, പ്രിസർവേറ്റീവുകൾ തുടങ്ങിയവയാണ് കണ്ടെത്തിയിട്ടുള്ളത്. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, മാനുഫാക്ചറിംഗ് യൂണിറ്റുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ജില്ലയിൽ ഇത്തരത്തിൽ നിയമലംഘനം നടത്തിയ 100 ലധികം പേർക്കെതിരെ ഈ വർഷം നടപടി സ്വീകരിച്ചിട്ടുണ്ട്.
മായം ചേർക്കൽ ഇങ്ങനെ
വിവിധതരം മിക്സ്ചർ, മുളക്പൊടി, കാശ്മീരി മുളക്പൊടി, മല്ലിപ്പൊടി എന്നിവയിലാണ് മാരകമായ എത്തിയോൺ, കാർബോഫ്യൂറാൻ, ക്ലോത്തിയാനിഡിൻ, ഡിസെൻകോണസോൾ കീടനാശിനികൾ കണ്ടെത്തിയത്. കേക്കുകളിലും പേസ്ട്രീസുകളിലും ബ്രഡുകളിലുമെല്ലാം എഫ്.എസ്.എസ്.എ.ഐ (ഫുഡ് സേഫ്റ്റി ആൻഡ്സ്റ്റാൻഡേർഡ്സ് അതോറിറ്റി ഒഫ് ഇന്ത്യ) അനുവദിച്ചിട്ടുള്ളതിനേക്കാൾ കൂടുതൽ അളവിലാണ് പ്രിസർവേറ്റീവുകൾ ചേർത്തിട്ടുള്ളത്. കേക്കുകളിലും മറ്റ് രുചികരമായ വിഭവങ്ങളിലും അനുവദനീയമായതിലും കൂടുതൽ അളവിൽ നിറങ്ങളും ചേർത്തിട്ടുണ്ട്. പനഞ്ചക്കര, കരിമ്പ് ശർക്കര എന്നിവയിൽ നേരിയ സാന്നിദ്ധ്യം പോലും ഭക്ഷണത്തെ വിഷമാക്കുന്ന റോഡമിൻ ബി എന്ന വ്യവസായ ആവശ്യങ്ങൾക്കുള്ള ഡൈ കണ്ടെത്തി. അർബുദത്തിന് പോലും കാരണമാകുന്ന അമരാന്ത് രാസവസ്തു റോസ്ബെറി, ബീഫ് ചില്ലി, ഉണക്കിയ പ്ലം എന്നിവയിലും ഓറഞ്ച് 2 എന്ന വസ്തു ചുവന്ന പരിപ്പ്, നാരങ്ങ അച്ചാർ എന്നിവയിലും സുഡാൻ 1, 3, 4 എന്നിവ നാടൻ മുളകുപൊടി, മുളകുപൊടി എന്നിവയിലും കണ്ടെത്തി. ചായപ്പൊടി വീണ്ടും ഉണക്കി ഉപയോഗിക്കുന്ന വില്‍പ്പനക്കാരുണ്ടെന്നും കണ്ടെത്തലിലുണ്ട്. പൊടിച്ച സുഗന്ധവ്യഞ്ജനങ്ങളില്‍ മെറ്റാനില്‍ മഞ്ഞ, ലെഡ് ക്രോമേറ്റ്, സുഡാന്‍ റെഡ് എന്നിവയാണ് കൂടുതൽ ചേർക്കുന്നത്. മഞ്ഞള്‍പ്പൊടി, മധുരപലഹാരങ്ങള്‍, പയറുവര്‍ഗങ്ങള്‍, ശീതള പാനിയങ്ങള്‍ എന്നിവയില്‍ കൂടുതലായി ഉപയോഗിക്കുന്ന ഒരു സിന്തറ്റിക് ഡൈ ആണ് മെറ്റാനില്‍ മഞ്ഞ. ഇത് നാഡീ വ്യൂഹത്തെ തകരാറിലാക്കുകയും, ഓര്‍മ നഷ്ടം, ആശയക്കുഴപ്പം എന്നിവയ്‌ക്കെല്ലാം കാരണമാകുകയും ചെയ്യുന്നു.
'' ഫുഡ് സേഫ്റ്റി ആൻഡ്സ്റ്റാൻഡേർഡ്സ് അതോറിറ്റി ഒഫ് ഇന്ത്യ അനുവദിച്ചിട്ടുള്ള അളവിൽ മാത്രമേ ഭക്ഷണ പദാർത്ഥങ്ങളിൽ നിറങ്ങളും മറ്റും ചേർക്കാൻ പാടുള്ളൂ. ഇതിൽ കൂടുതൽ അളവിൽ ചേർക്കുന്നവർക്കെരിരെ കർശന നടപടി സ്വീകരിക്കും. നിശ്ചിത ഇടവേളകളിലായി പരിശോധനയും നടക്കുന്നുണ്ട്''
സക്കീർ ഹുസൈൻ, ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ സക്കീർ ഹുസൈൻ