കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന് 3.10 കോടി രൂപ ലാഭം

Monday 06 October 2025 12:16 AM IST
കാലിക്കറ്റ് സിറ്റി സര്വീസ് സഹകരണ ബാങ്ക്

കോഴിക്കോട്: കഴിഞ്ഞ സാമ്പത്തിക വർഷം (2024-25) കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന് 3,10,33,660.39 രൂപ അറ്റലാഭം. മുൻ വർഷമിത് 3,05,77,067.12 രൂപയായിരുന്നു. റിസർവ് ആൻഡ് പ്രൊവിഷ്യൻസായി 20 കോടി രൂപ നീക്കി വെച്ചതിന് ശേഷമുള്ള അറ്റലാഭമാണ് 3.10 കോടി രൂപയെന്ന് ബാങ്ക് പ്രസിഡന്റ് പ്രീമ മനോജും ജനറൽ മാനേജർ സാജു ജെയിംസും വാർത്താസേമ്മളനത്തിൽ അറിയിച്ചു. പ്രവർത്തനമാരംഭിച്ച 2003 ൽ മുതൽ ബാങ്ക് തുടർച്ചയായി ലാഭത്തിലാണ്. സെപ്തംബർ 30ന് അവസാനിച്ച അർദ്ധവാർഷികത്തിൽ ബാങ്ക് 1600 കോടി രൂപയുടെ നിക്ഷേപ ബാക്കി നിൽപ്പ് എന്ന ലക്ഷ്യം കൈവരിച്ചിട്ടുണ്ട്. നിലവിൽ 5.64 കോടി ലാഭത്തിലാണ് ബാങ്ക് പ്രവർത്തിച്ച് വരുന്നത്. ബാങ്കിന്റെ കീഴിൽ രൂപീകരിച്ച കെയർ ഫൗണ്ടേഷന്റെ കീഴിലുള്ള എം.വി.ആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് ഇതിനകം ലോക ശ്രദ്ധ നേടി. ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചാലപ്പുറത്തെ ഡയാലിസിസ് സെന്ററിൽ 12 മെഷിനുകളിൽ മൂന്ന് ഷിഫ്റ്റുകളിലായി 72 രോഗികൾക്ക് സൗജന്യ ഡയാലിസിസും ചെയ്യുന്നുണ്ട്. 26 ശാഖകളും 185 ജീവനക്കാരുമുള്ള ബാങ്കിന്റെ ഈ വർഷത്തെ വാർഷിക പൊതുയോഗം 20ന് വൈകീട്ട് നാലിന് ചാലപ്പുറത്തുള്ള ഹെഡോഫീസിലെ സജൻ ഓഡിറ്റോറിയത്തിൽ നടക്കും. ലോഗോയ്ക്ക് പ്രചോദനമായ ബാങ്കിനു മുന്നിലെ ആൽമരത്തിന് ആറ് വയസ് പൂർത്തിയാകുന്ന 14 ന് ആൽത്തറയിൽ വൈകിട്ട് അഞ്ചരയ്ക്ക് പാട്ടും പറച്ചിലും പരിപാടി നടക്കും. കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ കെ. ശ്രീനിവാസൻ, അസി. ജനറൽ മാനേജർ കെ. രാഗേഷ്, ഡയറക്ടർമാർ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പ്രസംഗിച്ചു.