കഥക്കൂട്ടൊരുക്കി ജോബിക്കൂട്ടം ഒത്തുകൂടി
കൊച്ചി: രണ്ടക്ഷരത്തിൽ പിച്ചവച്ച് നാലക്കമായി വളർന്നു പന്തലിച്ച 'ജോബിക്കൂട്ടം" പെരുമ്പാവൂരിൽ രസക്കൂട്ടുകളുടെ 'ചിരിക്കൂട്ടായി" . വൈ.എം.സി.എ ഓഡിറ്റോറിയത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് ജോബിയെന്ന പേരുള്ള 200ലേറെ പേർ ഒത്തുചേർന്ന് ഈ ഐക്യമുന്നണി ചില്ലറ സംഭവമല്ലെന്നു തെളിയിച്ചു. കഥകൾക്കും കടങ്കഥകൾക്കുമൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും ഉണ്ടായിരുന്നു. വിദേശ രാജ്യങ്ങളിലടക്കം ആയിരത്തിലേറെ അംഗങ്ങളുള്ള ജോബിക്കൂട്ടം എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് കൂടുതൽ ജീവകാരുണ്യ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി ഫാ. ജോബി വർഗീസ് ഊർപ്പായിൽ പറഞ്ഞു.
12 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി. രണ്ടര വർഷം മുൻപ് തൃശൂർ മണ്ണുത്തി സ്വദേശി കലാകാരനായ ജോബി ചാക്കോയാണ് സംഘടനയ്ക്കു രൂപം നൽകിയത്. കഴിഞ്ഞ ജൂലായിൽ മൂവാറ്റുപുഴയിൽ രജിസ്റ്റർ ചെയ്തു. 1200 പേരുള്ള ട്രസ്റ്റിൽ 25 വയസു മുതൽ 65 വരെയുണ്ട്. നാട്ടിൽ മാത്രമല്ല, മറുനാടുകളിലുമുണ്ട് വേരോട്ടം. 937 അംഗങ്ങളുമായി എറണാകുളം ജില്ലയാണ് മുന്നിൽ. 14 ജില്ലയിലും കമ്മിറ്റികൾ രൂപവത്കരിച്ചു. ജോബി വാളിയം പ്ലാക്കൽ, ജോബി ജോർജ് പറമ്പേൽ, ജോബി വർഗീസ് ആൻമീഡിയ, ജോബി മാത്യു പുല്ലുവഴി, ജോബി ചാക്കോ എന്നിവർ സംസാരിച്ചു. സംഘടനയിൽ 17 വനിതകളുണ്ട്. ചാലക്കുടിക്കാരി ജോബി വർക്കിയും വൈറ്റിലക്കാരി ജോബി ജോസഫും ഇന്നലെ പങ്കെടുത്തു.