'ചാരിറ്റി കെണി​യിൽ' വീണ് ബാറുകൾ

Monday 06 October 2025 2:34 AM IST

കൊച്ചി: ചാരിറ്റി തട്ടിപ്പിൽ കറങ്ങി വീണ് ജില്ലയിലെ ബാർ ഹോട്ടലുകൾ. ഒരേ ദിവസം കബളിപ്പിക്കപ്പെട്ടത് നിരവധി ബാറുകൾ. ഓരോ സ്ഥാപനത്തിൽ നിന്നും പതിനായിരം രൂപ മുതൽ തട്ടിയെടുത്തു. സംഭവത്തിൽ രണ്ടുപേർ പൊലീസിന്റെ പിടിയിലായതായാണ് വിവരം. പ്രതികളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇടുക്കി സ്വദേശികളെന്നാണ് അറിയുന്നത്.

കഴിഞ്ഞ മാസം 12നായിരുന്നു വ്യാപക തട്ടിപ്പ് നടന്നത്. ജില്ലാ ഭക്ഷ്യ സുരക്ഷ വകുപ്പിലെ ഉദ്യോഗസ്ഥൻ ബിനുകുമാർ എന്ന് സ്വയം പരിചയപ്പെടുത്തിയ ഫോൺകാളിലൂടെയാണ് തട്ടിപ്പുകാർ ബാറുകളെ കെണിയിൽ വീഴ്ത്തിയത്. സഹപ്രവർത്തകയുടെ ആറു വയസുകാരിയായ മകൾ ഗുരുതര അസുഖം ബാധിച്ച് ചികിത്സയിലാണെന്നും ശസ്ത്രക്രിയയ്ക്കും മറ്റും ലക്ഷങ്ങൾ ചെലവുണ്ടെന്നും ചികിത്സാ നിധിയിലേക്ക് നിർബന്ധമായി 10,000രൂപ നൽകണമെന്നുമായിരുന്നു ആവശ്യം. ആറുവയസുകാരിയുടെ കാര്യമായതിനാലും വിളിച്ചത് ഫുഡ് സേഫ്റ്റിയിലെ ഉദ്യോഗസ്ഥനായതുകൊണ്ടും ഉടമയുടെ നിർദ്ദേശപ്രകാരം ഓഫീസിൽ നിന്ന് പണം കൈമാറി.

ഉച്ചയോടെയാണ് ഓഫീസിലേക്ക് കാൾ എത്തിയത്. ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ടു. ഉടമയോട് ചേദിച്ചിട്ട് അറിയിക്കാമെന്ന് അറിയിച്ചു. കുറച്ച് കഴിഞ്ഞ് വീണ്ടും വിളിച്ചു. ഉടൻ ശസ്ത്രക്രിയ നടത്തണമെന്നും പണം നൽകാൻ കഴിയില്ലെങ്കി​ൽ അക്കാര്യം പറയൂവെന്നും അറിയിച്ചു. കുട്ടിയുടെ പിതാവിന്റേതെന്ന് പറഞ്ഞായിരുന്നു ഗൂഗിൾപേ നമ്പർ നൽകിയത്. പിന്നീട് അന്വേഷിച്ചപ്പോഴാണ് ബിനുകുമാർ എന്ന ഉദ്യോഗസ്ഥൻ ജില്ലാ ഓഫീസിൽ ഇല്ലെന്ന് തിരിച്ചറിഞ്ഞതെന്ന് കാക്കനാട്ടെ ഒരു ബാർ ഹോട്ടലിലെ മാനേജർ പറഞ്ഞു.

സമാനമായി കബളിപ്പിക്കപ്പെട്ടവരെല്ലാം അന്ന് തന്നെ ബാർ ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളെ വിവരം ധരിപ്പിച്ചു. തുടർന്ന് അസോസിയേഷന്റെ നിർദ്ദേശപ്രകാരം ഓരോ ബാറുടമയും പൊലീസിന് പരാതി നൽകാൻ തീരുമാനിച്ചു. ഒപ്പം ഇത്തരം തട്ടിപ്പിൽ ജാഗരൂകരാകണമെന്ന നിർദ്ദേശം അസോസിയേഷൻ വാട്സ്ആപ് ഗ്രൂപ്പി​ൽ പങ്കുവയ്ക്കുകയും ചെയ്തു. പുക്കാട്ടുപടിയിലുള്ള ബാറുടമ ഈ സന്ദേശം വായിച്ചിരിക്കെയാണ് തട്ടിപ്പുകാർ വിളിച്ചത്. ബാറുടമയുടെ സമയോചിത ഇടപെടലാണ് തട്ടിപ്പുകാരെ വേഗത്തിൽ പൂട്ടാൻ വഴിയൊരുക്കിയതെന്നാണ് വിവരം.