വനിതാ ശിശുവികസന വകുപ്പ് 9 വർഷം; 5 പദ്ധതികളിൽ ചെലവിട്ടത് 26.30 കോടി

Monday 06 October 2025 1:35 AM IST

കൊച്ചി: 2016 മുതൽ 2025 വരെ സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് അഞ്ച് പദ്ധതികളുടെ നടത്തിപ്പിനായി മാത്രം ചെലവിട്ടത് 26.30 കോടി രൂപ. ദത്തെടുക്കൽ കേന്ദ്രങ്ങൾ, എന്റെ കൂട്, വൺ ഡേ ഹോം, മഹിളാ മന്ദിരങ്ങൾ, ക്രഷ് ആൻഡ് അങ്കണവാടികൾ എന്നിവയ്‌ക്കാണിത്. 14 ദത്തെടുക്കൽ കേന്ദ്രങ്ങൾക്കായി 13 കോടി ഏഴ് ലക്ഷം അനുവദിച്ചപ്പോൾ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ എന്റെ കൂട് പദ്ധതിക്ക് 1.88 കോടി രൂപ ചെലവിട്ടു. 12 മഹിളാ മന്ദിരങ്ങൾക്ക് വേണ്ടി 8.42 കോടിയാണ് ചെലവിട്ടത്. ക്രഷ് ആൻഡ് അങ്കണവാടികൾക്ക് 22. 54 കോടിയും തിരുവനന്തപുരത്തുള്ള വൺഡേ ഹോമിന് 66.71 ലക്ഷവും അനുവദിച്ചു.

ശിശുക്ഷേമസമിതിയുടെ കീഴിൽ 1978 മുതൽ ദത്തെടുക്കൽ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. അനാഥരായ ആയിരത്തോളം കുഞ്ഞുങ്ങളെ അനുയോജ്യമായ വീടുകളിൽ ഏൽപ്പിക്കാനായി.

സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത താമസസൗകര്യം ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണ് എന്റെ കൂട്.

തലസ്ഥാന നഗരിയിൽ അടിയന്തര ആവശ്യങ്ങൾക്കായി തനിച്ച് എത്തുന്ന സ്ത്രീകൾക്ക് സുരക്ഷിത താമസത്തിന് 'വൺ ഡേ ഹോം" തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനൽ എട്ടാം നിലയിൽ തിരുവനന്തപുരം നഗരസഭയുടെ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്നു.

വനിത ശിശുവികസന വകുപ്പിന്റെ മഹിളാമന്ദിരങ്ങളിൽ വിധവകൾ, വിവാഹമോചിതർ, ദുരിതബാധിതരും അഗതികളായ 13 നുമേൽ പ്രായമുള്ള പെൺകുട്ടികൾ, സ്ത്രീകൾ എന്നിവർക്കാണ് പ്രവേശനം

സ്വകാര്യ ഡേ കെയറുകൾക്ക് സമാനമായി കുഞ്ഞുങ്ങൾക്ക് പകൽ സംരക്ഷണം നൽകുന്ന പദ്ധതിയാണ് അങ്കണവാടി കം ക്രഷ് പദ്ധതി. അങ്കണവാടി കുട്ടികൾക്കൊപ്പം ആറു മാസം മുതൽ മൂന്ന് വയസ്സ് വരെയുള്ള കുട്ടികളെക്കൂടി ഉൾപ്പെടുത്തി രാവിലെ 7.30 മുതൽ വൈകിട്ട് ഏഴ് വരെ നടപ്പാക്കുന്നതാണ് പദ്ധതി.

ദത്തെടുക്കൽ കേന്ദ്രങ്ങൾ----14

എന്റെ കൂട്---- 3

മഹിളാമന്ദിരങ്ങൾ ---- 12 (ഇടുക്കിയിലും, വയനാടും ഇല്ല)

അങ്കണവാടി കം ക്രഷുകൾ---- 13

വൺ ഡേ ഹോം---1