അരുവാപ്പുലത്ത് വേണം പൊലീസ് സ്റ്റേഷൻ
കോന്നി: അരുവാപ്പുലം കേന്ദ്രീകരിച്ച് പൊലീസ് സ്റ്റേഷൻ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വിസ്തൃതമായ അരുവാപ്പുലം, ഐരവൺ വില്ലേജുകളും കൂടൽ വില്ലേജിന്റെ ഭാഗങ്ങളും ഉൾപ്പെടുത്തി പുതിയ പൊലീസ് സ്റ്റേഷൻ അനുവദിക്കേണ്ടത് അനിവാര്യമാണെന്നാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നിലപാട്. 241 കിലോമീറ്റർ വിസ്തൃതിയിൽ മേക്കര ഡാം വരെ നീളുന്നതാണ് അരുവാപ്പുലം പഞ്ചായത്ത്. 15 വാർഡുകളിലായി 25, 000 ത്തിൽ അധികം ജനങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. 80 കിലോമീറ്റർ ദൂരെയുള്ള മേക്കര ഡാം ഉൾപ്പെടുന്ന പ്രദേശങ്ങൾ തമിഴ്നാട് സംസ്ഥാനവുമായി അതിർത്തി പങ്കിടുന്നു. കിലോമീറ്ററുകൾ സഞ്ചരിച്ചാണ് കൊക്കാത്തോട് കാട്ടാത്തി, കോട്ടാംപാറ, ആവണിപ്പാറ എന്നീ ആദിവാസി കോളനികളിലെ ജനങ്ങൾ കോന്നി പൊലീസ് സ്റ്റേഷനിൽ എത്തുന്നത്. വനാന്തര ഗ്രാമമായ കൊക്കാത്തോട്ടിൽ മുമ്പ് പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിച്ചിരുന്നു. അരുവാപ്പുലം കേന്ദ്രമാക്കി പുതിയ പൊലീസ് സ്റ്റേഷൻ അനുവദിക്കണമെന്ന ആവശ്യം പഞ്ചായത്ത് ഭരണസമിതിയും ഉന്നയിച്ചിരുന്നു. മലയോര മേഖലയിലെ വിസ്തൃതമായ പ്രദേശങ്ങൾ ഉൾപ്പെടുന്ന കോന്നി പൊലീസ് സ്റ്റേഷനിലെ തിരക്കും ജോലിഭാരവും കുറയ്ക്കുവാൻ പുതിയ പൊലീസ് സ്റ്റേഷൻ സഹായകമാകും. പഞ്ചായത്തിന്റെ ഭൂപ്രകൃതി അനുസരിച്ച് അരിവാപ്പുലം പഞ്ചായത്ത് പടിയിൽ പുതിയ പൊലീസ് സ്റ്റേഷൻ അനിവാര്യമാണ്. ഐരവൺ , അരുവാപ്പുലം കരകളെ തമ്മിൽ ബന്ധിപ്പിക്കുവാനായി അച്ചൻകോവിൽ ആറിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ പണികൾ പൂർത്തിയാകുമ്പോൾ ഐരവൺ കുമ്മണ്ണൂർ, കോന്നി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ നിന്ന് വേഗത്തിൽ പൊലീസ് സ്റ്റേഷനിൽ എത്താൻ കഴിയും.
. 15 വാർഡുകളിലായി 25, 000 ത്തിലധികം ജനങ്ങൾ
241 കിലോമീറ്റർ വിസ്തൃതി
പുതിയ പൊലീസ് സ്റ്റേഷൻ അനുവദിച്ചാൽ മലയോര മേഖലയിലെ ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമാകും.
സലിൽ വയലത്തല ( മനുഷ്യാവകാശ പ്രവർത്തകൻ )