പഞ്ചസാരയ്ക്ക് വിട.. എന്നെന്നേയ്ക്കും വിട

Sunday 05 October 2025 11:06 PM IST

" ഷുഗറുണ്ടോ.. ?​ "- പരസ്പരം കാണുമ്പോൾ ആളുകൾ ആദ്യം ചോദിക്കുന്ന ചോദ്യമിതാണ്. പണ്ട് മറ്രൊരാളെ കാണുമ്പോൾ എന്തുണ്ട് വിശേഷം എന്ന് സ്നേഹപൂർവം ചോദിച്ചിരുന്ന നമ്മൾ ഇപ്പോൾ ആളുകളോട് രോഗവിവരമാണ് ആദ്യം അന്വേഷിക്കുന്നത്. ഷുഗറും പ്രഷറും കൊളസ്ട്രോളും നമ്മുടെ നിത്യ സംസാരത്തിലെ വാക്കുകളായി. പ്രമേഹരോഗികളുടെ എണ്ണം കേരളത്തിൽ വല്ലാതെ കൂടുകയാണ്. ചായക്കടയിലും വീട്ടിലും വിത്ത് എന്നും വിത്തൗട്ട് എന്നും മനുഷ്യരെ രണ്ടായി വേർതിരിച്ചിരിക്കുന്നു.

എല്ലാത്തിലും പഞ്ചസാര അടങ്ങിയിരിക്കുന്നു. പിറന്നുവീഴുന്ന കുട്ടിയുടെ നാവിൽ തേൻ പുരട്ടി മധുരക്കൊതി നമ്മൾ ഉദ്ഘാടനംചെയ്യുന്നു. കുഞ്ഞ് ആ തേൻനുണഞ്ഞ് മധുരം ജീവാമൃതം എന്ന് വിശ്വസിക്കുന്നു. ആ കുട്ടിയെ പിന്നെ പിടിച്ചാൽ കിട്ടുമോ. മധുരംകൊടുത്ത് കുട്ടിയെ നിലയ്ക്കുനിറുത്താമെന്ന് നമ്മൾ കണ്ടെത്തുന്നു.

സകലതിലും പഞ്ചസാര മറഞ്ഞിരിക്കുന്നു. ദൈവങ്ങൾ പോലും മധുരപ്രിയരായിരുന്നു. മോദകപ്രിയനായ ഗണപതിയിൽ നിന്ന് തുടങ്ങുന്നു ദൈവങ്ങളുടെ മധുരക്കൊതി. ദൈവങ്ങൾക്ക് നൽകുന്ന സകലവഴിപാടും മധുരതരം. കടുംപായസമായും പാൽപ്പായസമായും ഭക്തർ ദൈവങ്ങളെ മധുരമൂട്ടുന്നു. ദൈവം പ്രസാദമായി മനുഷ്യർക്ക് തിരികെ നൽകുന്നതും മധുരമാണ്. ശബരിമലയിലെ അരവണയും പളനിയിലെ പഞ്ചാമൃതവും മധുരത്തിന്റെ മലകയറിയവയാണ്. പഴയ മലയാളം പാഠാവലിയിലെ കുഞ്ചിയമ്മയക്കഞ്ചു മക്കളാണേ അഞ്ചാമനോമനക്കുഞ്ചുവാണേ എന്നു തുടങ്ങുന്ന പാട്ട് പാടി പഴയകുട്ടികൾ പഞ്ചാരപ്പാട്ടുകാരായി.

ഇന്നത്തെപ്പോലെ മധുരപലഹാരങ്ങൾ അന്ന് സുലഭമല്ലായിരുന്നു. അതുകൊണ്ട് പഴയകുട്ടികൾ നേരിട്ട് പഞ്ചസാര തിന്നു. അടുക്കളയിൽ നിന്ന് പഞ്ചസാര മോഷ്ടിക്കുന്ന കുട്ടികളെ അമ്മമാർ തല്ലി.

പുതിയ കാലം സകലതിലും പഞ്ചസാരനിറച്ച് വില്പനയ്ക്ക് വച്ചിരിക്കുന്നു. പഞ്ചസാര തിന്നുതിന്ന് കേരളം പ്രമേഹത്തിന്റെ നാടായി. കേരം തിങ്ങിയതല്ല ഇന്ന് കേരളം. പ്രമേഹം തിങ്ങിയതാണ്. ഇൗശ്വരൻ സർവവ്യാപിയാണെന്ന് മതപ്രഭാഷകർ പറയുന്നതുപോലെ പഞ്ചസാര സർവവ്യാപിയാണെന്ന് ഡോക്ടർമാർ ഉപദേശിക്കും. അതുകൊണ്ട് പഞ്ചസാരയുള്ളതൊന്നും കഴിക്കരുതെന്നാണ് പ്രമേഹരോഗിയോട് വിധിക്കുന്നത്. ഒരു സുപ്രഭാതത്തിൽ ജീവിതത്തിൽ നിന്ന് പഞ്ചസാരയെ പുറത്തുചാടിക്കുന്നത് എത്രക്രൂരതയാണ്. മധുരം കഴിച്ച് വളർന്നവർ അതിനോട് വിടപറഞ്ഞ് നാലുനേരവും ചപ്പാത്തിയും പാവയ്ക്കാ ജ്യൂസും കഴിച്ച് സർവസംഗ പരിത്യാഗികളാകുന്നു. കല്യാണസദ്യക്ക് അരത്തവി ചോറും ഒരു സ്പൂൺ സാമ്പാറും അരമുറി അവിയലും തൊട്ടുകൂട്ടിയ ശേഷം അടുത്തിരിക്കുന്നവരുടെ ഇലയിലെ അടപ്രഥമനിലേക്കും കടലപ്പായസത്തിലേക്കും നോക്കി വെള്ളമുറിയിരിക്കുന്നതിൽപ്പരം ഭാഗ്യദോഷം വേറെന്തുണ്ട്. ഒരുകാലത്ത് മധുരത്തെ സ്നേഹിച്ചിരുന്നവർ ഇന്ന് അതിനെ വെറുക്കുന്നു.