കുടിവെള്ളം കാത്ത് നാട്ടുകാർ: തടയണ വൈകുന്നു പ്രമാടം പദ്ധതി പാളി

Sunday 05 October 2025 11:09 PM IST

പ്രമാടം : അച്ചൻകോവിലാറ്റിലെ വ്യാഴിക്കടവിൽ തടയണ നിർമ്മാണം വൈകുന്നത് പ്രമാടം കുടിവെള്ള വികസന പദ്ധതിയെ പ്രതികൂലമായി ബാധിക്കുന്നു. പദ്ധതി വിപുലീകരണത്തിന് കോടികൾ അനുവദിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പ്രാഥമികമായി നിർമ്മിക്കേണ്ട തടയണ നിർമ്മാണം ഇനിയും തുടങ്ങിയിട്ടില്ല. ഇതേ തുടർന്ന് 102.8 കോടി രൂപയുടെ പദ്ധതി അനന്തമായി നീളുകയാണ്. വ്യാഴിക്കടവിൽ തടയണയും തുടർന്ന് കിണറും നിർമ്മിച്ച ശേഷം പ്രമാടം ഗ്രാമപഞ്ചായത്തിൽ സമ്പൂർണ കുടിവെള്ള പദ്ധതി നടപ്പാക്കുകയായിരുന്നു ലക്ഷ്യം. ജല അതോറിറ്റിയുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി തടയണ നിർമ്മാണത്തിന് അനുയോജ്യമായ സ്ഥലം മാസങ്ങൾക്ക് മുമ്പുതന്നെ കണ്ടെത്തിയിരുന്നു. കിണർ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം നിർണ്ണയിച്ച് ഇവിടുത്തെ മരങ്ങൾ മുറിച്ച് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ അധികൃതരുടെ അനാസ്ഥ മൂലം തുടർ നടപടികൾ പ്രഹസനമായതാണ് 9669 കുടുംബങ്ങൾക്ക് പ്രയോജനപ്പെടേണ്ട പദ്ധതിയുടെ വിപുലീകരണം വൈകാൻ കാരണം.

വ്യാഴിക്കടവിലെ മൈനർ ഇറിഗേഷൻ വകുപ്പിന്റെ പമ്പിംഗ് സ്റ്റേഷന് താഴെയായാണ് കുടിവെള്ള പദ്ധതിയുടെ തടയണ നിർമ്മിക്കാനുള്ള സ്ഥലം കണ്ടെത്തിയത്. നിലവിൽ മറൂർ പമ്പ് ഹൗസിൽ നിന്ന് മാത്രമാണ് പമ്പിംഗ് നടക്കുന്നത്. വ്യാഴിയിൽ തടയണ നിർമ്മിക്കുന്നതോടെ ഇവിടെ നിന്നും പമ്പിംഗ് തുടങ്ങാനാകും. വേനൽക്കാലത്ത് കുടിവെള്ളക്ഷാമം അതിരൂക്ഷമാകുന്ന പഞ്ചായത്താണിത്. മഴക്കാലത്തും ജല അതോറിറ്റിയുടെ കുടിവെള്ളം മാത്രം ആശ്രയിച്ച് കഴിയുന്ന പട്ടികജാതി സങ്കേതങ്ങൾ ഉൾപ്പെടെ നിരവധി കുടുംബങ്ങളും ഇവിടെയുണ്ട്. ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നാണ് പ്രമാടം.

പദ്ധതിയുടെ പണി അടിയന്തരമായി പൂർത്തിയാക്കാൻ നടപടി വേണം. വേനൽക്കാലമാകുന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന പ്രദേശമാണ് . അധികൃതർ ഇടപെടണം

അംബരീഷ് (നാട്ടുകാരൻ)​

വിപുലമായ പദ്ധതി, പക്ഷേ..

@ പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ കുളപ്പാറ, നെടുംപാറ, പടപ്പുപാറ, കൊച്ചുമല എന്നിവിടങ്ങളിൽ വാട്ടർ ടാങ്കുകൾ നിർമ്മിക്കും. നിലവിൽ മറൂർ കുളപ്പാറ മലയിലാണ് പ്രമാടം കുടിവെളള പദ്ധതിയുടെ പ്രധാന ടാങ്ക് . ഇത് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതിനാൽ ബലക്ഷയം നേരിടുന്നുണ്ട്.

@ പ്രധാനടാങ്കിന് സമീപത്തായാണ് പുതിയ ടാങ്ക് നിർമ്മിക്കുന്നത്. പമ്പിംഗ് കാര്യക്ഷമമാക്കാൻ അച്ചൻകോവിലാ​റ്റിലെ വ്യാഴിക്കടവിൽ തടയണയും കിണറും നിർമ്മിക്കും. നിലവിൽ മറൂർ വെട്ടിക്കാലിൽപ്പടി പമ്പ് ഹൗസിൽ നിന്നാണ് പമ്പിംഗ് നടത്തുന്നത്. ഇതിന് പുറമെ വ്യാഴി കടവിൽ നിന്നും പമ്പിംഗ് തുടങ്ങിയാൽ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകും

*9669 കുടുംബങ്ങൾക്ക് പ്രയോജനം.

*102.8 കോടി രൂപയുടെ പദ്ധതി.

കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന പ്രദേശമാണ്. പദ്ധതി പൂർത്തിയാക്കാൻ അടിയന്തര നടപടി വേണം. അധികൃതർ ഇടപെടണം.

അംബരീഷ് (നാട്ടുകാരൻ)​