അംഗബലം കുറവെങ്കിലും ആർജ്ജവത്തോടെ...
പരസ്പരം
എം.ആർ.അജിത്കുമാർ
എക്സൈസ് കമ്മിഷണർ
അഭിമുഖം തയ്യാറാക്കിയത്:
ശ്രീകുമാർ പള്ളീലേത്ത്
അനുദിനം വർദ്ധിക്കുന്ന ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് കടുത്ത ആശങ്കയുള്ള സംസ്ഥാനത്ത്, നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കുന്ന സേനാവിഭാഗമാണ് എക്സൈസ്. നാനാവഴിക്കുള്ള ലഹരി ഭീഷണിയെ എല്ലാ പഴുതുകളുമടച്ച് പ്രതിരോധിക്കാൻ കണ്ണുചിമ്മാതെയാണ് ഈ വിഭാഗത്തിന്റെ അദ്ധ്വാനം. എല്ലാം സമ്പൂർണമെന്ന് പറയാനാവില്ലെങ്കിലും, വലിയ ലഹരി ദുരന്തത്തിലേക്ക് സംസ്ഥാനം വഴുതി വീഴാതിരിക്കുന്നതിൽ സുപ്രധാന പങ്കാണ് എക്സൈസിനുള്ളത്.
ഈവർഷം ജനുവരി മുതൽ ആഗസ്റ്റ് വരെ സ്കൂൾ പരിസരങ്ങളിൽ എക്സൈസ് 30,374 പരിശോധനകൾ നടത്തിയെന്ന് അറിയുമ്പോഴാണ് സേവനത്തിന്റെ ശുഷ്കാന്തി വ്യക്തമാവുക. 10 എൻ.ഡി.പി.എസ് കേസുകളും 1511 കോട്പ (സിഗരറ്റ്സ് ആൻഡ് അദർ ടുബാക്കോ പ്രോഡക്ട്സ് ആക്ട്) കേസുകളുമാണ് ഈ കാലയളവിൽ രജിസ്റ്റർ ചെയ്തത്. ഈ വിഭാഗത്തിന്റെ നായക സ്ഥാനം ഏറ്റെടുത്ത് അധിക നാളായില്ലെങ്കിലും എക്സൈസിന് പുതിയ ഊർജ്ജം പകരാനുള്ള ശ്രമത്തിലാണ് എക്സൈസ് കമ്മിഷണർ പദവി വഹിക്കുന്ന എ.ഡി.ജി.പി എം.ആർ. അജിത്കുമാർ. സേനയുടെ പ്രവർത്തനങ്ങളും, നേരിടുന്ന വെല്ലുവിളികളും 'കേരളകൗമുദി"യുമായി പങ്കിടുകയാണ് അദ്ദേഹം.
? അനധികൃത മദ്യവ്യാപനത്തേക്കാൾ മാരക ലഹരിവസ്തുക്കളുടെ വ്യാപനം വലിയ ഭീഷണിയാവുന്നുണ്ടല്ലോ.
എക്‌സൈസ് വകുപ്പ് ഇപ്പോൾ പ്രത്യേക ശ്രദ്ധ നല്കുന്നതുതന്നെ ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിനാണ്. എൻഫോഴ്സ്‌മെന്റ് കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. അതിനൊപ്പം, ഡിമാൻഡ് റിഡക്ഷനിലും വകുപ്പ് കൂടുതൽ ശ്രദ്ധവയ്ക്കുന്നു. വിമുക്തി മിഷൻ ഇക്കാര്യത്തിൽ കൂടുതൽ ആർജ്ജവത്തോടെ പ്രവർത്തിക്കുന്നുണ്ട്.
?എക്‌സൈസിന് കൂടുതൽ ആധുനിക സംവിധാനങ്ങൾ നൽകുമെന്ന് സർക്കാർ പറഞ്ഞിരുന്നത് നടപ്പായോ.
എക്‌സൈസ് വകുപ്പിന് കൂടുതൽ സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്. പക്ഷേ, വകുപ്പിനെ ശക്തിപ്പെടുത്തുക എന്നത് ഒരുദിവസംകൊണ്ട് പൂർത്തിയാക്കാവുന്ന പ്രക്രിയ അല്ല. അത് ഒരു തുടർ പ്രക്രിയയാണ്. വീണ്ടും ചില പുതിയ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.
?കഴിഞ്ഞ ഒരു വർഷത്തെ എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങൾ.
എക്‌സൈസ് വകുപ്പിന്റെ പ്രവർത്തനം ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച് നല്ല രീതിയിൽ നടക്കുന്നുണ്ട്. കേസുകൾ കണ്ടെത്തുന്നതിൽ മാത്രമല്ല, കേസെടുത്ത് കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിലും അഭിമാനാർഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്.
? മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരിക്കടത്ത് തടയാൻ ഇപ്പോഴത്തെ സംവിധാനം ഫലപ്രദമാണോ?
അതിർത്തി കടന്നുള്ള മയക്കുമരുന്നു കടത്ത് പൂർണമായി തടയാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ കഴിയില്ല. എങ്കിലും അത് ഫലപ്രദമായി നിയന്ത്രിക്കുന്നതിൽ നമ്മൾ വിജയിച്ചിട്ടുണ്ട്.
? പ്രധാന വെല്ലുവിളികൾ.
ലഹരിക്കടത്തിൽ ഏർപ്പെടുന്ന സംഘങ്ങൾ കുറ്റകൃത്യങ്ങൾക്ക് കൂടുതൽ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതിനെ മറികടക്കണമെങ്കിൽ എക്സൈസിനും ആധുനിക സാങ്കേതിക സംവിധാനങ്ങൾ വേണ്ടിവരും. അതിനുള്ള ശ്രമത്തിലാണ്.
? നിലവിലെ അംഗബലം തൃപ്തികരമാണോ.
ലഹരി വ്യാപനത്തിന്റെ തോത് നോക്കുമ്പോൾ അംഗബലം എത്ര കൂട്ടിയാലും അത് മതിയാകില്ല. എന്നാൽ നിലവിൽ ലഭ്യമായ വിഭവശേഷി ഉപയോഗിച്ച് കൂടുതൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവയ്ക്കുന്നുണ്ട്.
? പൊലീസുമായുള്ള സഹകരണം മെച്ചപ്പെടുത്താൻ മുൻകൈയെടുക്കുമോ.
പൊലീസ് വകുപ്പുമായി മാത്രമല്ല, ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കണ്ടെത്താനും തടയാനും കഴിയുന്നത്ര വകുപ്പുകളുമായി ചേർന്ന് പ്രവർത്തനം നടത്തുന്നുണ്ട്.
? തൊണ്ടിയായി പിടിക്കുന്ന വാഹനങ്ങൾ കുമിഞ്ഞുകൂടുന്നത് നീക്കം ചെയ്യാൻ...
കേസിൽ ഉൾപ്പെട്ട് എക്സൈസ് ഓഫീസ് പരിസരങ്ങളിൽ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങൾ വില്പന നടത്താൻ നടപടി സ്വീകരിച്ചു വരുന്നുണ്ട് . എന്നാൽ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷമേ ഇത്തരം വാഹനങ്ങൾ വില്ക്കാനാവൂ. അതിന് ചെറിയ കാലതാമസം നേരിടുന്നുണ്ട്. കാര്യങ്ങൾ വേഗത്തിലാക്കി, കഴിയുന്നത്ര വാഹനങ്ങൾ വിറ്റഴിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യുകയാണ്.