വാതിൽ പണിതത് ബംഗളൂരുവിൽ: ശില്പി നന്ദൻ

Monday 06 October 2025 12:20 AM IST

പാവറട്ടി : ശബരിമല ശ്രീകോവിൽ വാതിലിന്റെ പണികൾ ചെയ്തത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശ പ്രകാരം ബംഗളൂരുവിൽ വച്ചാണെന്ന് അതിന്റെ ശില്പിയായ ഗുരുവായൂർ സ്വദേശി എളവള്ളി നന്ദൻ വെളിപ്പെടുത്തി. ചൊവ്വൂരുള്ള ജോൺസൺ എന്നയാളിൽ നിന്നാണ് തേക്ക് വാങ്ങിയത്. ബംഗളൂരു ശ്രീരാമപുരത്തെ അയ്യപ്പക്ഷേത്രത്തിൽ വച്ചായിരുന്നു വാതിൽ നിർമ്മാണം. ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മുൻ മേൽശാന്തിയാണ് ശബരിമല ശ്രീകോവിലിന്റെ സ്വർണ വാതിൽ നിർമ്മിക്കാൻ താത്പര്യമുണ്ടോയെന്ന് ചോദിച്ചത്. താത്പര്യമുണ്ടെന്ന് പറഞ്ഞപ്പോൾ ഒരാൾ ബന്ധപ്പെടുമെന്ന് പറഞ്ഞു. തുടർന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി വിളിക്കുന്നത്. അതു പ്രകാരമാണ് വാതിൽ നിർമ്മിച്ചത്. വിവാദം ഉണ്ടാകുന്നതിന്റെ നാലു ദിവസം മുമ്പ് ഉണ്ണികൃഷ്ണൻ പോറ്റി വിളിച്ചിരുന്നു. ശബരിമല വാതിലിന്റെ അടിയിൽ എലി കയറാതിരിക്കാനായി ചെമ്പുതകിട് ഉറപ്പിച്ചിട്ടുണ്ടോ എന്നാണ് ചോദിച്ചത്. ഇല്ല എന്ന് ഞാൻ പറഞ്ഞു.