സ്വർണ്ണപ്പാളി മോഷണം പുറത്തുവരാൻ കാരണം അയ്യപ്പന്റെ അതൃപ്തി: എം.എം.ഹസൻ

Monday 06 October 2025 12:25 AM IST

തിരുവനന്തപുരം: ശബരിമലയിൽ ആചാരലംഘനത്തിനും അയ്യപ്പ സംഗമത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പിനും ശ്രമിച്ച കപട ഭക്തർക്ക് ശ്രീധർമ്മ ശാസ്താവ് നൽക്കുന്ന ആദ്യത്തെ ശിക്ഷയാണ് സ്വർണ്ണപ്പാളി മോഷണത്തിലൂടെ ഇപ്പോൾ പുറത്തു വന്നതെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ. ശബരിമലയിൽ സ്വർണ്ണം ചെമ്പാക്കിയതും അയ്യപ്പസംഗമത്തിന്റെ പേരിലുള്ള സാമ്പത്തിക ക്രമക്കേടുകളും വരെ ഹൈക്കോടതി നിരീക്ഷണത്തിൽ സി.ബി .ഐയെ കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഹസൻ ആവശ്യപ്പെട്ടു.

പുറംലോകമറിയാതെ ഇതുവരെ മൂടിവെച്ചിരുന്ന മോഷണ വിവരം ഇപ്പോൾ പുറത്തുവന്നതിലൂടെ അയ്യപ്പന് ഇവരോടുള്ള അസംതൃപ്തി വ്യക്തമാണ്. ശബരിമലയിലെ ആചാരലംഘനത്തിന് ധൃതികാട്ടിയ മുഖ്യമന്ത്രിക്ക് അയ്യപ്പന്റെ സ്വത്തുക്കൾ മോഷണം പോയിട്ടും പ്രതികരണമില്ല. ദേവസ്വം ബോർഡിനും മന്ത്രിക്കും സ്വർണ്ണക്കവർച്ചയിൽ പങ്കുണ്ടെന്ന സംശയം ശക്തമാണ്. പിണറായി വിജയന് ദൈവത്തിലും കമ്യൂണിസത്തിലും താൽപ്പര്യമില്ല. അദ്ദേഹത്തിന് താൽപ്പര്യം അധികാരത്തോട് മാത്രമാണെന്നും ഹസൻ പറഞ്ഞു.