സെൽഫിൽ കൊമ്പുകുത്തി കൊമ്പൻസ്

Sunday 05 October 2025 11:33 PM IST

തിരുവനന്തപുരം കൊമ്പൻസിനെ 3-2ന് കീഴടക്കി കണ്ണൂർ വാരിയേഴ്സ്

തിരുവനന്തപുരം : സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ തലസ്ഥാനത്തിന്റെ ടീമായ തിരുവനന്തപുരം കൊമ്പൻസിന് രണ്ടാം സീസണിലെ ആദ്യ മത്സരത്തിൽ കനത്ത തോൽവി. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രണ്ടിനെതിരെ മൂന്നുഗോളുകൾക്ക് കണ്ണൂർ വാരിയേഴ്സാണ് കൊമ്പൻസിന്റെ കൊമ്പൂരിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിലായിരുന്ന വാരിയേഴ്സിനെ രണ്ടാം പകുതിയിൽ സമനിലയിലാക്കിയെങ്കിലും രണ്ടു ഗോളുകൾ കൂടി വഴങ്ങി കൊമ്പൻസ് തോൽവിയേറ്റുവാങ്ങുകയായിരുന്നു. ഒരു സെൽഫ് ഗോളടിച്ചതാണ് കൊമ്പൻസിന് വിനയായത്.

28-ാം മിനിട്ടിൽ ടി.ഷിജിനിലൂടെ വാരിയേഴ്സാണ് ആദ്യം സ്കോർ ചെയ്തത്. ഈ ഗോളിന് ആദ്യ പകുതിയിൽ അവർ ലീഡ് ചെയ്തു. 52-ാം മിനിട്ടിൽ ഔട്ടിമാർ പെനാൽറ്റിയിലൂടെ സമനിലപിടിച്ചെങ്കിലും 74-ാം മിനിട്ടിൽ ഫിലിപ്പേ അൽവേസിന്റെ സെൽഫ് ഗോൾ വാരിയേഴ്സിനെ മുന്നിലെത്തിച്ചു. 80-ാം മിനിട്ടിൽ കരീം കണ്ണൂരിന്റെ മൂന്നാം ഗോളും നേ‌ടി. ഇൻജുറി ടൈമിൽ പകരക്കാരനായിറങ്ങിയ വിക്കിയാണ് ഒരു ഫ്രീകിക്കിൽ നിന്ന് കൊമ്പൻസിന്റെ രണ്ടാം ഗോളടിച്ചത്.

28-ാം മിനിട്ടിലാണ് കണ്ണൂർ വാരിയേഴ്‌സ് ആദ്യ ഗോൾ നേടിയത്. അസിയർ ഗോമസ് എടുത്ത കോർണർ ഫസ്റ്റ് പോസ്റ്റിന് മുന്നിൽ നിന്നിരുന്ന ക്യാപ്ടൻ വൽസാംബ പിന്നിലേക്ക് ഹെഡ് ചെയ്ത് നൽകിയപ്പോൾ സെക്കൻഡ് പോസ്റ്റിൽ നിലയുറപ്പിച്ചിരുന്ന ഷിജിൻ.ടി ടാപ് ചെയ്ത് ഗോളാക്കി മാറ്റുകയായിരുന്നു. 52-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്നാണ് കൊമ്പൻസ് സമനില പിടിച്ചത്. സ്‌ട്രൈക്കർ ഔട്ടിമാറിനെ വാരിയേഴ്‌സ് പ്രതിരോധ താരം വികാസ് ബോക്‌സിനകത്ത് വെച്ച് വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഔട്ടിമാർ തന്നെ ഗോളാക്കി മാറ്റി. എന്നാൽ 74-ാം മിനിട്ടിൽ കണ്ണൂർ വാരിയേഴ്‌സ് വീണ്ടും മുന്നിലെത്തി. നേടി. വലത് വിംഗിൽ നിന്ന് പകരക്കാരനായി എത്തിയ മുഹമ്മദ് സിനാൻ പോസ്റ്റിലേക്ക് നൽകിയ ക്രോസ് ക്ലിയർ ചെയ്യവേ കൊമ്പൻസ് പ്രതിരോധ താരം ഫിലിപ്പേ അൽവേസിന്റെ കാലിൽ തട്ടി സെൽഫ് ഗോളായി മാറുകയായിരുന്നു. പിന്നാലെ അബ്ദു സലാം സാംബ കണ്ണൂരിനായി മൂന്നാം ഗോളും നേടി. ഇൻജുറി ടൈമിൽ പകരക്കാരനായിറങ്ങിയ വിക്കിയാണ് ഒരു ഫ്രീകിക്കിൽ നിന്ന് കൊമ്പൻസിന്റെ രണ്ടാം ഗോളടിച്ചത്.