വിയ്യാറയലിനെ കടന്ന് റയൽ മാഡ്രിഡ്

Sunday 05 October 2025 11:35 PM IST

മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് വിയ്യാറയലിനെ കീഴടക്കി റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തേക്കെത്തി. റയലിനായി വിനീഷ്യസ് ജൂനിയർ ഇരട്ടഗോളുകൾ നേടിയപ്പോൾ കിലിയൻ എംബാപ്പെ ഒരു ഗോൾ നേടി. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 47-ാം മിനിട്ടിലായിരുന്നു വിനീഷ്യസിന്റെ ആദ്യ ഗോൾ.69-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്ന് വിനി രണ്ടാം ഗോളും നേടി. 73-ാം മിനിട്ടിൽ മിക്കാവുതാസെയിലൂടെ വിയ്യാറയൽ ഒരു ഗോൾ തിരിച്ചടിച്ചു. 77-ാം മിനിട്ടിൽ സാന്റിയാഗോ മൗറീനോ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് വിയ്യാറയൽ കളിച്ചത്. 81-ാം മിനിട്ടിലാണ് എംബാപ്പെ സ്കോർ ചെയ്തത്.

എട്ടുമത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായാണ് റയൽ ഒന്നാമതെത്തിയത്. ഏഴ് മത്സരങ്ങളിൽ 19 പോയിന്റുള്ള ബാഴ്സലോണയാണ് രണ്ടാമത്.