ജി.എസ്.ടി ഇളവിൽ ആഘോഷ കുതിപ്പ്

Monday 06 October 2025 12:37 AM IST
gst

സെപ്തംബറിൽ വാഹന വിൽപ്പന 5.4% ഉയർന്ന് 381,437 യൂണിറ്റുകളായി

കൊച്ചി: ചരക്ക് സേവന നികുതി(ജി.എസ്.ടി) ഗണ്യമായി കുറഞ്ഞതോടെ ഇത്തവണത്തെ നവരാത്രി കാലയളവിൽ വാഹന വിൽപ്പന കുതിച്ചുയർന്നു. ജി.എസ്.ടി പരിഷ്കരണത്തിലൂടെ വാഹന വിലയിൽ 70,000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ കുറവാണ് വിവിധ കമ്പനികൾ സെപ്തംബറിൽ ഉപഭോക്താക്കൾക്ക് പ്രഖ്യാപിച്ചത്. ഇതോടെ നവരാത്രി കാലയളവിൽ പ്രമുഖ കാർ കമ്പനികളുടെ വിൽപ്പനയിൽ മികച്ച ആവേശം ദൃശ്യമായി. യാത്രാ വാഹനങ്ങളുടെ വിൽപ്പന ഇക്കാലയളവിൽ 5.4 ശതമാനം ഉയർന്ന് 381,437 യൂണിറ്റുകളായെന്ന് ഡീലർമാർ പറയുന്നു.

കയറ്റുമതിയിൽ നേട്ടവുമായി മാരുതി സുസുക്കി

സെപ്തംബറിൽ മാരുതി സുസുക്കി കാറുകളുടെ വിൽപ്പന 9.1 ശതമാനം ഉയർന്ന് 144,962 യൂണിറ്റുകളായി. ഇക്കാലയളവിൽ മാരുതി സുസുക്കി 42,204 വാഹനങ്ങളാണ് കയറ്റി അയച്ചത്. ബലനോ, സ്വിഫ്‌റ്റ് എന്നീ മോഡലുകളുടെ വിൽപ്പനയാണ് മെച്ചപ്പെട്ടത്. ജി.എസ്.ടി കുറയുമെന്ന പ്രതീക്ഷയിൽ ഉപഭോക്താക്കൾ മാസത്തിന്റെ തുടക്കത്തിൽ വാങ്ങൽ തീരുമാനം നീട്ടിയതാണ് ആഭ്യന്തര വിപണിയിൽ കഴിഞ്ഞ മാസം തിരിച്ചടി സൃഷ്‌ടിച്ചത്.

ടാറ്റ മോട്ടോർസ് രണ്ടാം സ്ഥാനത്തേക്ക്

കഴിഞ്ഞ വർഷം സെപ്തംബറിനേക്കാൾ 45 ശതമാനം വർദ്ധനയുമായി ടാറ്റ മോട്ടോർസ് കാർ വിൽപ്പനയിൽ രണ്ടാം സ്ഥാനം നേടി. ആഭ്യന്തര വിപണിയിൽ 59,667 യൂണിറ്റ് വാഹനങ്ങളാണ് കഴിഞ്ഞ മാസം ടാറ്റ മോട്ടോർസ് വിറ്റഴിച്ചത്. മൊത്തം 60,907 യാത്രാ വാഹനങ്ങളാണ് കമ്പനി ഇക്കാലയളവിൽ വിൽപ്പന നടത്തിയത്. ഇതിൽ 9,191 വൈദ്യുതി വാഹനങ്ങളാണ്. ഏറ്റവുമധികം വിൽപ്പന നേടിയ മോഡൽ നെക്‌സോൺ ആണ്.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര

കഴിഞ്ഞ മാസം മൊത്തം 56,233 വാഹനങ്ങളുടെ വിൽപ്പനയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര കഴിഞ്ഞ മാസം നേടിയത്. മുൻവർഷത്തേക്കാൾ പത്ത് ശതമാനം വളർച്ച ഇക്കാലയളവിൽ ലഭിച്ചു. നവരാത്രി കാലയളവിൽ വാഹന വിൽപ്പനയിൽ 60 ശതമാനം വർദ്ധനയുണ്ടായി.