ഓൺലൈൻ ഒ.പി ടിക്കറ്റെടുക്കാൻ മടിച്ച് ജില്ല

Monday 06 October 2025 12:48 AM IST

മലപ്പുറം: ജില്ലയിലെ 77 സർക്കാർ ആശുപത്രികളിൽ ഇ- ഹെൽത്ത് സംവിധാനം സജ്ജമാക്കിയിട്ടും രോഗികൾ പ്രയോജനപ്പെടുത്തുന്നില്ല. ഈ ആശുപത്രികളിൽ ക്യൂ നിൽക്കാതെ ഒ.പി ടിക്കറ്റെടുക്കാൻ കഴിയും. വീണ്ടും ചികിത്സ തേടണമെങ്കിൽ ആശുപത്രിയിൽ നിന്ന് തന്നെ അഡ്വാൻസ് ടോക്കൺ എടുക്കാനുള്ള സംവിധാനവുമുണ്ട്. ആശുപത്രികളിലെത്തി വരി നിൽക്കാതെ ഒ.പി ടിക്കറ്റെടുക്കാനുള്ള സംവിധാനം ഒരുമാസത്തിനിടെ ജില്ലയിൽ പ്രയോജനപ്പെടുത്തിയത് ആകെ 289 പേരാണ്. മഞ്ചേരി മെഡിക്കൽ കോളേജ് ഒഴികെയുള്ള ആരോഗ്യ സ്ഥാപനങ്ങളിലെ കണക്കാണിത്. ഓൺലൈൻ ഒ.പി സംവിധാനം പ്രയോജനപ്പെടുത്തുന്നതിൽ സംസ്ഥാനത്ത് തന്നെ ഏറെ പിന്നിലാണ് മലപ്പുറം. ഇക്കാര്യത്തിൽ 13ാം സ്ഥാനത്താണ് ജില്ല. വയനാട് ആണ് മലപ്പുറത്തിന് പിന്നിലുള്ളത്. ജില്ലയിൽ ഈ വർഷം ഇതുവരെ 1,430 പേർ മാത്രമാണ് ഓൺലൈനായി ഒ.പി ടിക്കറ്റെടുത്തത്. മാസം ശരാശരി 150 പേർ മാത്രം. ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയ ആകെ രോഗികളുടെ 0.06 ശതമാനം മാത്രമാണ് ഓൺലൈൻ ഒ.പി ടിക്കറ്റ് സേവനം പ്രയോജനപ്പെടുത്തിയത്.

മുന്നിൽ തലസ്ഥാനം ഓൺലൈൻ ഒ.പി സംവിധാനം പ്രയോജനപ്പെടുത്തുന്നതിൽ മുന്നിലുള്ള തലസ്ഥാന ജില്ലയായ തിരുവനന്തപുരമാണ്. ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ മാസം 10,746 പേർ ഓൺലൈൻ ഒ.പി സംവിധാനം പ്രയോജനപ്പെടുത്തി. 74 രോഗികളുമായി വയനാടാണ് ഏറ്റവും പിന്നിൽ.

മുന്നിലുള്ള ജില്ലകൾ .................. രോഗികളുടെ എണ്ണം

കോഴിക്കോട് ........................................ 3,228

തൃശൂർ ..................................................... 2,634

കാസർകോട് ......................................... 2,401

എറണാകുളം .......................................... 2,395

കോട്ടയം ................................................... 2,330

കൊല്ലം ...................................................... 1,656 കണ്ണൂർ ....................................................... 1095

ഒ.പി ടിക്കറ്റ് എളുപ്പത്തിൽ എടുക്കാം

യുണീക് ഹെൽത്ത് ഐഡി നമ്പരും പാസ് വേർഡും ഉപയോഗിച്ച് ehealth.kerala.gov.in പോർട്ടലിൽ ലോഗിന്‍ ചെയ്തശേഷം ന്യൂ അപ്പോയ്‌ന്റ്‌മെന്റ് ക്ലിക്ക് ചെയ്ത് ആശുപത്രിയും ഡിപ്പാർട്ട്‌മെന്റും തിരഞ്ഞെടുക്കാം. തുടർന്ന് അപ്പോയ്‌ന്റ്‌മെന്റ് വേണ്ട തീയതി തിരഞ്ഞെടുക്കുമ്പോൾ ആ ദിവസത്തേക്കുള്ള ടോക്കണുകൾ കാണാനാവും. രോഗികൾക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കണെടുക്കാം. ടോക്കൺ വിവരങ്ങൾ എസ്.എം.എസായും പ്രിന്റ് രൂപത്തിലും ലഭിക്കും. ഇത് ആശുപത്രിയിൽ കാണിച്ചാൽ മതിയാകും. എം ഇ-ഹെൽത്ത് ആപ്പ് വഴിയും ഈ സേവനങ്ങൾ ലഭ്യമാവും.