ഓട്ടോ പാർക്ക് മാറ്റാൻ നടപടിയില്ല: ഗതാഗതക്കുരുക്കിൽ പൂങ്ങോട്ടുകുളം ജംഗ്ഷൻ

Monday 06 October 2025 12:51 AM IST

തിരൂർ : പൂങ്ങോട്ടുകുളത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനം നടപ്പാക്കാതെ അധികൃതർ. പൂങ്ങാേട്ടുകുളത്തെ തുഞ്ചൻപറമ്പ് റോഡിലുള്ള ഓട്ടോ പാർക്കിംഗ് നിലവിലുള്ളതിൽ നിന്നും പിന്നിലേക്ക് മാറ്റാനുള്ള ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനമാണ് മൂന്നുമാസമായിട്ടും പൂർണ്ണമായി നടപ്പാക്കാത്തത്.

ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനത്തിന് ശേഷം അഞ്ചടി മാത്രം പിന്നിലേക്കാണ് ഓട്ടോ സ്റ്റാൻഡ് മാറ്റിയത്. പൂങ്ങോട്ടുകുളത്ത് സിഗ്നൽ സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെങ്കിലും ഓട്ടോ പാർക്കിംഗ് മാറ്റാത്തത് മൂലം ഗതാഗത കുരുക്ക് രൂക്ഷമാവുകയാണ്. ജംഗ്‌ഷനിലെ ഓട്ടോ പാർക്കിംഗ് മാറ്റിയാലേ ഫ്രീ ലെഫ്റ്റ് സംവിധാനം യാത്രക്കാർക്ക് ഉപയോഗിക്കാനാവൂ. ഫ്രീ ലെഫ്റ്റ് സിഗ്നൽ ലഭിച്ചാലും വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഓട്ടോ പാർക്കിംഗ് മാറ്റി സ്ഥാപിക്കാൻ ഉടൻ നടപടികളുണ്ടാവണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം. തീരുമാനമെടുത്തപ്പോഴത്തെ പൊലീസ് ഉദ്യേഗസ്ഥരായ ഡി.വൈ.എസ്.പിയും സി.ഐയും സ്ഥലം മാറിപ്പോയതും തീരുമാനം നടപ്പിലാവാത്തതിന് കാരണമായി. ട്രാഫിക് സിഗ്നലിൻ്റെ ഔദ്യോഗിക ഉദ്ഘാടനവും ഇത് വരെ നടന്നിട്ടില്ല അതിന് മുൻപ് ഓട്ടോ സ്റ്റാന്റ് മാറ്റി സ്‌ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

ഓട്ടോ ഡ്രൈവർമാർ

കഴിഞ്ഞ 26 വർഷമായി ഓട്ടോ സ്റ്റാന്റ് ഇവിടെ നിലവിലുണ്ട്. മുനിസൽ അധികൃതരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി ഉചിതമായ കാര്യങ്ങൾ കൈക്കൊള്ളും.

ചെയർ പേഴ്സൺ എ.പി. നസീമ

ട്രാഫിക് റെഗുലേറ്ററി രണ്ട് ദിവസത്തിനുള്ളിൽ കമ്മറ്റി ചേർന്ന് നിലവിലെ ഓട്ടോ പാർക്കിംങ് ഏരിയ കുറച്ച് കൂടി പിന്നിലേയ്ക്ക് മാറ്റുവാനായി തീരുമാനം എടുക്കും.