'ഭാഗ്യശാലിനിയെ" കണ്ടവരുണ്ടോ!, ആൾക്കൂട്ടത്തെ പേടിച്ച് തിരുവോണം ബമ്പർ കോടീശ്വരി

Monday 06 October 2025 1:51 AM IST

കൊച്ചി: തിരുവോണ ബമ്പർ 'ഭാഗ്യശാലിനിയെ" തേടിയുള്ള മലയാളികളുടെ കാത്തിരിപ്പ് രണ്ടാം ദിവസവും വിഫലം. ശനിയാഴ്ച നറുക്കെടുത്ത സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടി എറണാകുളം നെട്ടൂരിൽ വിറ്റ ടിക്കറ്റിനാണെന്ന് അറിഞ്ഞതുമുതൽ മാദ്ധ്യമങ്ങളും പ്രദേശവാസികളും ഭാഗ്യശാലിയെ കണ്ടെത്താനായി നെട്ടോട്ടമോടി.

നെട്ടൂരിലെ വീട്ടമ്മയ്‌ക്കാണ് സമ്മാനം ലഭിച്ചതെന്നും ഉച്ചയ്ക്ക് 12ന് അവർ മാദ്ധ്യമങ്ങൾക്ക് മുമ്പിലെത്തുമെന്നും ടി.എച്ച് 577825 ടി​ക്കറ്റ് വി​റ്റ നെട്ടൂരി​ലെ ഏജന്റ് ലതീഷ് ഇന്നലെ അറി​യി​ച്ചി​രുന്നു. തുടർന്ന് മാദ്ധ്യമ പ്രവർത്തകർ 12ന് മുമ്പേ ഏജൻസിയിൽ തമ്പടിച്ചെങ്കിലും നിരാശരായി മടങ്ങി.

ഏജന്റ് നൽകിയ സൂചനയിലെ ആളെത്തേടി മാദ്ധ്യമ പ്രവർത്തകർ ഒരു വീട്ടിലെത്തിയെങ്കിലും'എനിക്ക് ഒന്നും അറിയില്ല, ദയവായി ഉപദ്രവിക്കരുത്" എന്ന് അഭ്യർത്ഥിക്കുന്ന വീട്ടമ്മയെയാണ് കണ്ടത്. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണെന്നും സഹപ്രവർത്തകരായ അഞ്ചുപേർ ചേർന്ന് ബമ്പർ ടിക്കറ്റ് എടുത്തെങ്കിലും സമ്മാനം കിട്ടിയില്ലെന്നും അവർ പറഞ്ഞു.

ഇന്ന് രാവിലെ 'ഭാഗ്യശാലിനി" ബാങ്കിലെത്തുമെന്ന് ലതീഷ് ആവർത്തിച്ചു. എറണാകുളം വൈറ്റിലയിലെ ഭഗവതി ഏജൻസീസിൽ നിന്നെടുത്ത ടിക്കറ്റാണ് ലതീഷ് വിറ്റത്.