ഓടുന്ന കാറിന്റെ ഡോറിലിരുന്ന് യുവാക്കളുടെ അപകട യാത്ര

Monday 06 October 2025 12:09 AM IST

അഞ്ചൽ: അഞ്ചൽ - പുനലൂർ റൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡോറിലിരുന്ന് യുവാക്കളുടെ അപകട യാത്ര. കഴിഞ്ഞ ദിവസം ഉച്ചയോടെ അഞ്ചൽ ഭാഗത്താണ് കാറിന്റെ ഇടത് വശത്ത് മുന്നിലെയും പിന്നിലെയും ഡോറിലിരുന്ന് രണ്ട് യുവാക്കൾ സാഹസികയാത്ര നടത്തിയത്. തിരക്കേറിയ റോഡിൽ അപകടകരമായ യാത്ര ശ്രദ്ധയിൽപ്പെട്ടതോടെ പിന്നാലെ വന്ന യാത്രക്കാരാണ് ദൃശ്യങ്ങൾപകർത്തിയത്. ടി.എൻ 58 ബി.ബി 5566 എന്ന നമ്പരിലുള്ള തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറാണിത്. യുവാക്കളെ പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.