ശബ്ദമില്ലാത്തവരുടെ ശബ്ദമായി അന്നു
കൊല്ലം: ബധിരരായ മാതാപിതാക്കളുമായി ആശയവിനിമയം നടത്താൻ ആംഗ്യഭാഷ ശീലിച്ച അന്നു ജോസലിൻ (33) അറിയപ്പെടുന്ന വിവർത്തകയാണ്. ശബ്ദമില്ലാത്തവർക്ക് സഹായിയായി തന്റെ യു ട്യൂബ് ചാനലിൽ ഉൾപ്പെടെ നിറഞ്ഞുനിൽക്കുന്നു.
കൊല്ലം സ്വദേശി സൈമണിന്റെയും മേരിക്കുട്ടിയുടെയും മൂത്ത മകളാണ് അന്നു. മലയാളം പഠിക്കുന്നതിന് മുമ്പേ ആംഗ്യഭാഷയുടെ ആദ്യപാഠങ്ങൾ പഠിച്ചു. ഡൽഹി ഇന്ത്യൻ സൈൻ ലാംഗ്വേജ് റിസർച്ച് ആൻഡ് ട്രെയിനിംഗ് സെന്ററിൽ നിന്ന് (ഐ.എസ്.എൽ.ആർ.ടി.സി) സി.ഒ.ഡി.എ സർട്ടിഫിക്കറ്റ് നേടി.
തിരുവനന്തപുരം ടെക്നോ പാർക്കിൽ സ്റ്റാർട്ടപ്പ് മിഷന് കീഴിലുള്ള
ഡിജിറ്റൽ ആർട്സ് അക്കാഡമി ഫോർ ഡെഫിൽ (ഡാഡ്) മലയാളം, ഇംഗ്ലീഷ് ഭാഷകളുടെ ആംഗ്യഭാഷ വിവർത്തകയാണ്.
അത്‌ലറ്റുകളായിരുന്ന മാതാപിതാക്കൾ കേരളത്തിനുവേണ്ടി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. അമ്മ മേരിക്കുട്ടി കൊല്ലം ഗവ. ആയുർവേദ ആശുപത്രിയിൽ അറ്റൻഡറാണ്. 2009ൽ കൊല്ലം കൊട്ടിയത്തുണ്ടായ വാഹനാപകടത്തിൽ പിതാവ് സൈമൺ മരിച്ചു. കുരീപ്പള്ളി നെടുമ്പന കിഴക്കേതാഴത്തിൽ വീട്ടിലാണ് അന്നുവിന്റെ താമസം. ഭർത്താവ് ജോസലിൻ കീബോർഡിസ്റ്റാണ്. ജോർഡേൻ, ജോസ്ലിൻ എന്നിവർ മക്കൾ.
അന്നൂസ് പെട്ര
കൊവിഡുകാലത്ത് വീടുകളിൽ ഒറ്റപ്പെട്ടുപോയ ബധിരർക്ക് വേണ്ടിയാണ് അന്നൂസ് പെട്ര എന്ന പേരിൽ യു ട്യൂബ് ചാനൽ ആരംഭിച്ചത്. ഒറ്റപ്പെടൽ അനുഭവിച്ചിരുന്നവർക്ക് ചാനലിലൂടെ പങ്കുവച്ച കഥകൾ സഹായകമായി. പൊതുവേദികളിലും വിവർത്തകയായി പോകുന്നു.
'പപ്പയുടെ ആഗ്രഹമായിരുന്നു ഞാൻ പപ്പയുടെ ശബ്ദമാകണമെന്നത്
-അന്നു ജോസലിൻ