ദ്വാരപാലക ശില്പ വിവാദത്തിൽ തട്ടിപ്പ് മഹസർ
പത്തനംതിട്ട: ശബരിമലയിൽ നിന്ന് 2019ൽ സ്വർണംപൂശാൻ ചെന്നൈയിൽ കൊണ്ടുപോയ ദ്വാരപാലക ശില്പങ്ങളിലെ പാളികൾ തിരികെ സന്നിധാനത്ത് സ്ഥാപിച്ചപ്പോൾ തയ്യാറാക്കിയ മഹസറിലും ദുരൂഹത. ശബരിമല ക്ഷേത്രത്തിലെ വിലപിടിപ്പുള്ള സമ്പത്തിന്റെ ഔദ്യോഗിക സംരക്ഷകനായ തിരുവാഭരണം കമ്മിഷണറോ, അവയുടെ ഗുണമേൻമയും അളവും സാക്ഷ്യപ്പെടുത്തേണ്ട ദേവസ്വം സ്‌മിത്തോ, നടപടിക്രമങ്ങൾ നിരീക്ഷിക്കേണ്ട വിജിലൻസ് ഉദ്യോഗസ്ഥനോ ഒപ്പുവച്ചിട്ടില്ല. ചെമ്പുപാളികളിൽ പൂശാൻ ഉപയോഗിച്ച സ്വർണത്തിന്റെയും ചെമ്പിന്റെയും അളവും തൂക്കവും മൂല്യവും മഹസറിൽ വിവരിച്ചിട്ടില്ല.
എക്സിക്യൂട്ടീവ് ഓഫീസർ വി.എസ്. രാജേന്ദ്രപ്രസാദ് തയ്യാറാക്കിയ മഹസറിൽ അദ്ദേഹം ഉൾപ്പെടെ പന്ത്രണ്ടുപേർ ഒപ്പുവച്ചിട്ടുണ്ട്. 2019 സെപ്തംബർ പതിനൊന്നിനാണ് പാളികൾ തിരികെ എത്തിച്ച് ദ്വാരപാലക ശില്പങ്ങളിൽ ഉറപ്പിച്ചത്.
2019 ജൂലായ് 19, 20 തീയതികളിലെ മഹസറിൽ ചെമ്പുപാളികളിലും ശ്രീകോവിലിന്റെ തെക്കുവടക്ക് ചുമരുകളിൽ പൊതിഞ്ഞിട്ടുള്ള ചെമ്പുതകിടിലും സ്വർണംപൂശി ഏൽപ്പിക്കാനായി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചതായി പറയുന്നുണ്ട്.
ജൂലായ് 20നാണ് കൊണ്ടുപോയത്. ആഗസ്റ്റ് 29ന് തിരുവാഭരണം കമ്മിഷണർ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻ കമ്പനിയിൽ എത്തുകയും അവിടെ തയ്യാറാക്കിയ മഹസറിൽ ശില്പപാളികളുടെ 14 ഭാഗങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറുന്നതായി രേഖപ്പെടുത്തി. 39 ദിവസം കാലതാമസമുണ്ടായെന്ന് കണ്ടെത്തിയത് ഇതു പ്രകാരമാണ്. ദേവസ്വം ബോർഡിന്റെ നിർദ്ദേശ പ്രകാരം ആർ.ഒ.സി 9097/2018-ാം നമ്പരായി 2019 ജൂലായ് ആറിന് നൽകിയ ഉത്തരവ് പ്രകാരമാണ് ഈ നടപടികളെല്ലാം സ്വീകരിച്ചത്. മഹസർ പുറത്തുവന്നതോടെ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും അറിവോടെയാണ് കാര്യങ്ങൾ നടന്നതെന്ന് വ്യക്തമായി. ഇലക്ട്രോ പ്ലേറ്റിംഗിലൂടെ സ്വർണം പിടിപ്പിച്ചശേഷം സന്നിധാനത്ത് തിരികെ എത്തിച്ചപ്പോൾ ദേവസ്വം സ്മിത്ത് പരിശോധിപ്പിച്ച് മൂല്യവും അളവും തൂക്കവും മഹസറിൽ രേഖപ്പെടുത്തേണ്ടത് ബന്ധപ്പെട്ടവരുടെ ഉത്തരവാദിത്വമായിരുന്നു. സ്വർണത്തിന്റെ ഗുണമേന്മ പരിശോധിക്കാൻ വൈദഗ്ദ്ധ്യമില്ലാത്തവരുടെ സാന്നിദ്ധ്യത്തിലാണ് ഇവ ദ്വാരപാലക ശില്പങ്ങളിൽ പിടിപ്പിച്ചതെന്ന് വ്യക്തം.
ദ്വാര പാലക ശില്പങ്ങളിൽ ഉണ്ടായിരുന്നത് ചെമ്പാണെന്ന അന്നത്തെ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ ആദ്യ നിലപാട് തെറ്റിദ്ധാരണ സൃഷ്ടിക്കാനായിരുന്നെന്നും തെളിഞ്ഞു.
മഹസറിൽ ഒപ്പുവച്ചവർ
#തന്ത്രി കണ്ഠരര് മഹേഷ് മോഹനര് , മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി, ഡ്യൂട്ടി ഗാർഡുമാരായ ആർ. സോമശേഖരൻ നായർ, പി.എസ് കണ്ണൻ, വാച്ചർമാരായ സി.സുരേഷ് ബാബു, എസ്.ദിവാകരൻ , ശബരിമല മരാമത്ത് തേർഡ് ഗ്രേഡ് ഓവർസിയർ വരുൺ കരുണാകരൻ, ഹെഡ് അക്കൗണ്ടന്റ് ആർ.ശങ്കരനാരായണൻ, സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ശ്രീകുമാർ , എക്സിക്യൂട്ടീവ് ഓഫീസർ വി.എസ് രാജേന്ദ്രപ്രസാദ്