പ്രതിസന്ധികളിൽ തളരുന്ന യുവ സംരംഭകർക്ക് മാർഗദീപമാണ് ഡോ. മജീദ് ഖാൻ; സ്പീക്കർ
നെയ്യാറ്റിൻകര: വിദ്യാഭ്യാസരംഗത്ത് മൂല്യവത്തായ സംഭാവനകൾ നൽകിയ നൂറുൽ ഇസ്ലാം കൽപ്പിത സർവകലാശാലയുടെ ചാൻസലർ ഡോ. എ.പി. മജീദ്ഖാനെ ആദരിച്ചു. നെയ്യാറ്റിൻകര നഗരസഭയും പൗരാവലിയും ചേർന്ന് സ്വദേശാഭിമാനി ടൗൺഹാളിൽ വച്ച് സംഘടിപ്പിച്ച നവതി ആദരവുത്സവം നിയമസഭാ സ്പീക്കർ എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. കെ. ആൻസലൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നഗരസഭ ചെയർമാൻ പി.കെ. രാജമോഹനൻ സ്വാഗതം ആശംസിച്ചു. പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ തളർന്നുപോകുന്ന യുവസംരംഭകർക്ക് മാർഗദീപമാണ് കഠിനാധ്വാനത്തിന്റേയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായ ഡോ.മജീദ് ഖാൻ എന്ന് സ്പീക്കർ പറഞ്ഞു. സി.കെ.ഹരീന്ദ്രൻ എം.എൽ.എ, നെയ്യാറ്റിൻകര രൂപത മോൺസിഞ്ഞോർ ജി. ക്രിസ്തുദാസ്, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, എം.എം. ഹസ്സൻ, ആനാവൂർ നാഗപ്പൻ, എ.ഐ.സി.സി അംഗം നെയ്യാറ്റിൻകര സനൽ,ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്,വിശ്വഭാരതി മാനേജിംഗ് ട്രസ്റ്റി വി.വേലപ്പൻ നായർ ജി.ആർ,പബ്ളിക് സ്കൂൾ ട്രസ്റ്റി ഹരികുമാർ,കേരളകൗമുദി ജനറൽ മാനേജർ ഷിറാസ് ജലാൽ, ചീഫ് മാനേജർ വിമൽകുമാർ, വിനോദ് സെൻ, ഗ്രാമം പ്രവീൺ, ഓലത്താന്നി അനിൽ,ആരോഗ്യ, വിദ്യാഭ്യാസ, സാംസ്കാരിക,രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.