ഇ-ബൈക്കുണ്ടാക്കി സ്വപ്ന ജോലിയും നേടി , അതുലിന്റെ ജീവിതം അതുല്യം
കൊച്ചി: അതുലിന്റെ സ്വപ്നമായിരുന്നു ഇ-ബൈക്കും സ്വന്തമായൊരു ജോലിയും. സ്വന്തമായി ബൈക്ക് നിർമ്മിച്ച ഈ ഇരുപത്തൊന്നുകാരനെ തേടി ഒടുവിൽ സ്വപ്നജോലിയുമെത്തി. ഒരുവർഷം കൊണ്ടാണ് 'വെൽകിൻ" എന്ന് പേരിട്ട ബൈക്ക് എറണാകുളം പെരുമ്പടപ്പിലെ അതുൽ വിനോദ് നിർമ്മിച്ചത്. ഇതിനിടെ കാക്കനാട് സ്റ്റാർട്ട് അപ്പ് മിഷനിലുള്ള റോബോട്ടിക്‌സ് ആൻഡ് ഓട്ടോമേഷൻ കമ്പനിയിൽ ജോലിയും കിട്ടി. ഉടൻ ജോയിൻ ചെയ്യും.
പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ബൈക്ക് നിർമ്മിക്കണമെന്ന മോഹമുണ്ടായത്. കളമശേരി പോളിടെക്‌നിക്കിൽ ഓട്ടോമൊബൈൽ ഡിപ്ലോമയ്‌ക്ക് ചേർന്നത് വഴിത്തിരിവായി. ഇ.വി വാഹനങ്ങളെക്കുറിച്ച് പി.എച്ച്ഡി നേടിയ അദ്ധ്യാപകൻ സജികുമാറായിരുന്നു പ്രചോദനം. 2024ലാണ് ബൈക്ക് നിർമ്മാണം തുടങ്ങിയത്. ചിത്രകല പഠിപ്പിക്കുന്നതിൽ നിന്നും മറ്റുമുള്ള കുഞ്ഞു വരുമാനമായിരുന്നു മൂലധനം.
ആദ്യം താത്പര്യം കാട്ടാത്ത വീട്ടുകാരും പിന്നീട് ഒപ്പം നിന്നു. ആട്ടുവള്ളി വീട്ടിൽ വിനോദ് കുമാറും രശ്മിയുമാണ് മാതാപിതാക്കൾ. സഹോദരി: അതുല്യ. അച്ഛമ്മ ചന്ദ്രിക ആദ്യം മുതലേ അതുലിനൊപ്പമായിരുന്നു. അവധിദിനങ്ങളിലാണ് അതുൽ ചിത്രകലാദ്ധ്യാപകനാകുന്നത്. 15 ശിഷ്യരുണ്ട്. വധൂവരന്മാരുടെയും മറ്റും ചിത്രങ്ങൾ വരച്ചും ബൈക്കിനായി വരുമാനം കണ്ടെത്തി. ആർട്ട് വിത്ത് അതുൽ എന്ന യൂ ട്യൂബ് ചാനലുമുണ്ട്.
ചെലവ് 1.20 ലക്ഷം രൂപ 1.20 ലക്ഷം രൂപയ്‌ക്കാണ് ബൈക്ക് നിർമ്മിച്ചത്. മൂന്ന് മണിക്കൂറിൽ ഫുൾ ചാർജാകും. 50 കിലോമീറ്ററാണ് മൈലേജ്. അൾട്രാവയലറ്റ്, കവാസാക്കി ബൈക്കുകളുടെ മാതൃക കൂട്ടിച്ചേർത്താണ് പുതുമോഡൽ വരച്ചെടുത്തത്. ജി.ഐ പൈപ്പിലാണ് ഷാസി നിർമ്മിച്ചത്. ബോഡി ഫൈബറിലും. ആക്രിക്കടയിൽ നിന്നാണ് വീലുകളെടുത്തത്.
ആദ്യം ഉപയോഗിച്ച മോട്ടോർ പെട്ടെന്ന് ചൂടായി തകരാറിലായി. തുടർന്ന് കോയമ്പത്തൂരിൽ നിന്ന് ബി.എൽ.ഡി.സി ഹബ്ബ് മോട്ടോർ വാങ്ങി പ്രശ്‌നം പരിഹരിച്ചു. രജിസ്റ്റർ ചെയ്യാൻ വകുപ്പില്ലാത്തതിനാൽ കാർപോർച്ചിൽ കാഴ്ചവസ്തുവാണിപ്പോൾ ഈ ബൈക്ക്.
ഇ.വി വാഹനങ്ങളെക്കുറിച്ച് പഠിക്കുകയായിരുന്നു ലക്ഷ്യം. സ്വന്തമായി ഒരു ഇ.വി ബൈക്ക് കമ്പനിയാണ് സ്വപ്നം. അതുൽ വിനോദ്